kk
കുടിലുകൾ നീക്കം ചെയ്യാൻ എത്തിയ ഭൂകർമ്മസേനാംഗങ്ങളെ തൊഴിലാളികൾ തടഞ്ഞപ്പോൾ.

രാജാക്കാട്: ചിന്നക്കനാൽ സൂര്യനെല്ലിയിൽ റവന്യൂ ഭൂമി കയ്യേറി കുടിൽ കെട്ടിയ ഭൂരഹിത തൊഴിലാളികളെ ഒഴിപ്പിയ്ക്കുവാൻ ഭൂകർമ്മസേന എത്തിയെങ്കിലും പ്രതിഷേധത്തെത്തുടർന്ന് മടങ്ങി. സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് തോട്ടം തൊഴിലാളികൾ. ഞായറാഴ്ച്ച പുലർച്ചെ അഞ്ചോടെയാണ് ചിന്നക്കനാലിലെ വിവിധ തേയില ഏലം തോട്ടങ്ങളിൽ പണിയെടുക്കുന്ന നൂറോളം കുടുംബങ്ങൾ സൂര്യനെല്ലി ടൗണിന് സമീപം ആനയിറങ്കൽ റോഡരികിലെ മൂന്നേക്കറോളം വരുന്ന റവന്യൂ ഭൂമി കയ്യേറിയത്. അടിക്കാട് തെളിച്ച് സ്ഥലം കൈവശപ്പെടുത്തി അവിടെ താൽക്കാലിക ഷെഡ്ഡ് നിർമ്മിക്കുകയും ചെയ്തു. രാത്രിയിലെ മോശം കാലാവസ്ഥയെപ്പോലും അവഗണിച്ച് ഇവർ സ്ഥലത്ത് തുടരുകയാണ് ചെയ്തത്. ഇവർ പിരിഞ്ഞ് പോകില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്ന് ദേവികുളം തഹസിൽദാർ ജോസഫിന്റെ നേതൃത്വത്തിൽ ഭൂസംരക്ഷണ സേന എത്തി. എന്നാൽ കുടിലുകൾ പൊളിയ്ക്കാനുള്ള ഇവരുടെ നീക്കത്തെ തൊഴിലാളികൾ പ്രതിരോധിച്ചു. ഉദ്യോഗസ്ഥർക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലേക്ക് സ്ഥിതിഗതികൾ എത്തുന്നതായി വ്യക്തമായതോടെ നടപടി അവസാനിപ്പിച്ച് റവന്യൂ സംഘം മടങ്ങിപ്പോകുകയാണ് ചെയ്തത്. നാല് തലമുറകളായി തോട്ടം തൊഴിലാളികളായി ജീവിക്കുന്ന തങ്ങൾക്ക് കയറിക്കിടക്കാൻ ഇടമില്ലെന്നും സർക്കാർ ഭൂമി നൽകും വരെ സമരം തുടരുമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സമരക്കാർ. തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലായതിനാൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നതാധികാരികൾ വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടില്ല. തിരഞ്ഞെടുപ്പ് തിരക്ക് കഴിയുന്നതോടെ ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകും.