രാജാക്കാട്: കഴിഞ്ഞ ദിവസം മഴയ്‌ക്കൊപ്പം ഉണ്ടായ ശക്തമായ മിന്നലിൽ വ്യാപക നാശനഷ്ടം. പഴയവിടുതി, മമ്മട്ടിക്കാനം മേഖലകളിൽ നിരവധി വീടുകളിലെയും കടകളിലെയും വയറിംഗും വൈദ്യുതോപകരണങ്ങളും നശിച്ചു. കുരിശുംപടിയിൽ പരിയാരത്ത് ഷാജിയുടെ വീടിന് മിന്നൽ ഏറ്റതിനെത്തുടർന്ന് കേടുപാടുകൾ സംഭവിച്ചു. ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണക്ക് സാരമായ കേടുപാടുകൾ വന്നു. വയറിംഗ് പൂർണ്ണമായി നശിച്ചതിനൊപ്പം ഫാൻ പൊട്ടിത്തകരുകയും ചെയ്തു. വീടിനുള്ളിൽ ഉണ്ടായിരുന്ന ഷാജിയും കുടുംബാംഗങ്ങളും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. പ്രദേശത്ത് പലയിടത്തായി ലക്ഷങ്ങളുടെ നാശനഷ്ടമാണ് വന്നിരിയ്ക്കുന്നത്.