ചെറുതോണി: ഇടുക്കി അണക്കെട്ടിന് സമീപത്ത് താമസിക്കുന്ന ഇരുപത്തഞ്ചോളം കുടുംബങ്ങൾ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നു. ഇടുക്കി ആർച്ച് ഡാമിന്റെ തുരങ്കത്തിനു പുറത്ത് ഗയിറ്റിനു സമീപം വരെ കുടിവെള്ളമുണ്ടെങ്കിലും ഗെയ്റ്റിനു പുറത്തേക്ക് കെ.എസ്.ഇ.ബി അധികൃതർ കുടിവെള്ളം നൽകാത്തതിനാലാണ് പ്രദേശവാസികൾ ദുരിതമനുഭവിക്കുന്നത്. കുടിവെള്ളത്തിനായി പ്രദേശവാസികൾ മുട്ടാത്തവാതിലുകളില്ല. മരിയാപുരം പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണിവിടം. അന്തരിച്ച എൻ.സി ജോർജ് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ ഒരു കുഴൽകിണർ നിർമ്മിച്ചു നൽകിയിരുന്നു. വർഷങ്ങളോളം വെള്ളം കിട്ടിയിരുന്നെങ്കിലും പിന്നീട് മണ്ണിടിഞ്ഞുവീണ് നശിച്ചുപോയി. മോട്ടറുൾപ്പെടെ മണ്ണിനടിയിലായതോടെ കുഴൽ കിണർ ഉപേക്ഷിക്കേണ്ടതായി വന്നു. പിന്നീട് പഞ്ചായത്ത് കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ഒന്നും ചെയ്തില്ല. ഏതാനും വർഷമായി തെരഞ്ഞെടുപ്പ് അടുക്കുമ്പോൽ രാഷ്ട്രീയ പാർട്ടികൾ ടാങ്കിൽ അല്പം വെള്ളം എത്തിച്ചുകൊടുക്കും. അതും രണ്ടോ മൂന്നോ ദിവസത്തേക്ക് മാത്രം. പ്രദേശവാസികൾ രണ്ടു കിലോമീറ്റർ ദൂരെയുള്ള പെരിയാറ്റിലെത്തിയാണ് കുളിക്കുന്നതും തുണികഴുകുന്നതുമെല്ലാം. വെള്ളമില്ലാത്തതിനാൽ ടോയ്ലറ്റ് ഉപയോഗിക്കാൻ കഴിയുന്നില്ലായെന്നും ഇവർ പറയുന്നു. അണക്കെട്ട് സന്ദർശിച്ച ശേഷം സ്ത്രീകളും കുട്ടികളും ടോയ്ലറ്റിൽ പോകുന്നതിനായി സമീപത്തുള്ള വീടുകളെയാണ് സമീപിക്കുന്നത്. വിലകൊടുത്ത് വാങ്ങി വച്ചിരിക്കുന്ന വെള്ളം ടോയ്ലറ്റിൽ പോകാൻ നൽകാനാവില്ലെന്ന് പറഞ്ഞ് സന്ദർശകരെ മടക്കിവിടേണ്ടിവരുന്നതിൽ വലിയ വിഷമമുണ്ടെന്നും ഇവർ പറയുന്നു. സന്ദർശകർക്കായി ഗെയ്റ്റിനു പുറത്ത് രണ്ട് ടൊയ്ലറ്റുകൾ കെ.എസ് ഇ.ബി സ്ഥാപിച്ചിരുന്നു. സമീപവാസികൾ ഇവിടെ നിന്നും വെള്ളം എടുത്തതോടെ ഇവയിൽ ഒന്നു പൊളിച്ചുമാറ്റി. മറ്റൊന്നിലേക്കുള്ള പൈപ്പ് കണക്ഷൻ വിഛേദിക്കുകയും ചെയ്തു. പി.പി സുലൈമാൻ റാവുത്തർ എം.എൽ.എ ആയിരുന്നപ്പോൾ നാട്ടുകാരുടെ പരാതിയെതുടർന്ന് എംഎൽഎയുടെ നിർദ്ദേശപ്രകാരം ഗെയ്റ്റിനു പുറത്തേക്ക് പൈപ്പിട്ട് പ്രദേശവാസികൾക്ക് വെള്ളം നൽകിയിരുന്നു. എന്നാൽ അതും മൂന്നുമാസം കഴിഞ്ഞപ്പോൾ നിർത്തലാക്കി. പിന്നീട് മരിയാപുരം പഞ്ചായത്ത്, കളക്ടർ, എംഎൽഎ, എംപി, വൈദ്യുതി മന്ത്രി എന്നിവർക്ക് പലതവണ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. കുടിവെള്ളത്തിനായി വാട്ടർ അതോറിറ്റിയിൽ നിവേദനം നൽകിയെങ്കിലും അവഗണിച്ചു. ആർച്ച് ഡാമിനോട് ചേർന്ന് പടുകൂറ്റൻ ടാങ്ക് സ്ഥിതിചെയ്യുന്നുണ്ട്. ഇത് വൃത്തിയാക്കി അണക്കെട്ടിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ്‌ചെയ്ത് ടാങ്കിലെത്തിച്ചാൽ പ്രദേശവാസികൾക്ക് ഹോസുവഴിയും വെള്ളം ലഭക്കും. അണക്കെട്ടിന് സമീപം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാട്ടർ കണക്ഷൻ കുറച്ചുകൂട്ടി നീട്ടി ബദൽ സംവിധാനം ഏർപ്പെടുത്തിയാൽ നിരവധി കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്ന് നാട്ടുകാർ പറയുന്നു.