തൊടുപുഴ: വോട്ടെടുപ്പ് ദിനമായ ഇന്നലെ ഹൈറേഞ്ച് മേഖലയിൽ സൂര്യന് ചുറ്റും പ്രഭാവലയം കണ്ടത് കൗതുകമായി. ഇന്നലെ രാവിലെ കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമാണ് പ്രഭാവലയം ദൃശ്യമായത്. വോട്ട് ചെയ്യാൻ ക്യൂ നിന്നപ്പോൾ ഇത് ശ്രദ്ധയിൽപ്പെട്ട പലരും മൊബൈൽ ഫോണിൽ ചിത്രങ്ങളെടുത്തു. പ്രഭാവലയത്തോടെയുള്ള സൂര്യന്റെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി. അതേസമയം ഹാലോ എന്ന പ്രതിഭാസമാണ് സൂര്യന് ചുറ്റുമുള്ള പ്രഭാവലയത്തിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ കേരളകൗമുദിയോട് പറഞ്ഞു. കട്ടികുറഞ്ഞ പരന്ന പ്രത്യേകതരം മേഘങ്ങൾക്കിടയിലൂടെ സൂര്യനെ കാണുമ്പോഴാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. ഇത് സാധാരണ പ്രതിഭാസമാണെന്നും ആശങ്കപെടേണ്ടതില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.