തൊടുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ റെക്കാഡ് പോളിംഗ്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ ലഭിക്കുമ്പോൾ 76.17ആണ് ഇടുക്കിയിലെ പോളിംഗ് ശതമാനം. കഴിഞ്ഞ വർഷമിത് 70.76 ശതമാനമായിരുന്നു. സംസ്ഥാനത്തെ ഏകഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.- 56.71 ശതമാനം. ലോ റേഞ്ച് മേഖലയിൽ പോളിംഗ് സ്റ്റേഷനുകൾക്ക് മുന്നിൽ രാവിലെ മുതൽ തന്നെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. എന്നാൽ ഹൈറേഞ്ച് മേഖലയിൽ രാവിലെ മന്ദഗതിയിലായിരുന്ന പോളിംഗ് ഉച്ചയോടെയാണ് ശക്തി പ്രാപിച്ചത്. അടിമാലി, രാജാക്കാട്, രാജകുമാരി മേഖലയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ മഴ പെയ്തെങ്കിലും പോളിംഗിനെ കാര്യമായി ബാധിച്ചില്ല. വോട്ടിംഗ് മെഷീനുകൾ തകരാറിലായതിനെ തുടർന്ന് പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. ഒരു മണിക്കൂർ വരെ വൈകിയാണ് പലയിടത്തും വോട്ടിംഗ് ആരംഭിച്ചത്. വോട്ടിംഗിനിടയ്ക്കും മെഷീനുകൾ തകരാറിലായി. തുടർന്ന് സ്ത്രീകളും വൃദ്ധരുമടക്കം മണിക്കൂറുകളോളം ക്യൂവിൽ കാത്ത് നിൽക്കേണ്ടിവന്നു. ഉപ്പുതറയിൽ സി.പി.എം- കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. തൊടുപുഴയ്ക്കടുത്ത് കാഞ്ഞിരമറ്റത്ത് പോളിംഗ് സ്റ്റേഷൻ പരിധിയിൽ രാവിലെ പ്രത്യക്ഷപ്പെട്ട ശബരിമല കർമ്മസമതിയുടെ വിശ്വാസസംരക്ഷണ പോസ്റ്റർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കി. മറ്റ് കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തില്ല.
നിയോജക മണ്ഡലം അടിസ്ഥാനത്തിൽ പോളിംഗ് ശതമാനം
ദേവികുളം- 70.86 ഇടുക്കി - 73.90 ഉടുമ്പൻചോല - 79.27 പീരുമേട് - 76.65 തൊടുപുഴ-75.69 മൂവാറ്റുപുഴ - 77.42 കോതമംഗലം - 79.84 ഇടമലക്കുടി - 56.71 ശതമാനം പോളിംഗ് ഇടമലക്കുടിയിലെ മൂന്ന് പോളിംഗ് ബൂത്തുകളിലെ പോളിംഗ് ശതമാനം സൊസൈറ്റികുടി - 55.12 മുളകുതറകുടി- 56.17 പരപ്പാർകുടി- 58.86