രാജാക്കാട്: രാജകുമാരി മിനിപ്പടിയിൽ ആൾട്ടോ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്നിരുന്ന മറ്റൊരു കാറിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റു. എറണാകുളം അശമന്നൂർ കരുപ്പക്കാട്ട് വീട്ടിൽ കെ.കെ കുരുവിള, ഭാര്യ ഡെയ്‌സി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ തേടി.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയാണ് അപകടം. രാജകുമാരി ടൗണിൽ നിന്നും അമിത വേഗതയിൽ എത്തിയ ആൾട്ടോ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വട്ടം കറങ്ങിയ ശേഷം രാജാക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന ഐടെൻ കാറിൽ ചെന്നിടിക്കുകയായിരുന്നു. സമീപത്തെ വർക്ക്‌ഷോപ്പിലെ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു ആൾട്ടോ കാർ. ഇതിന്റെ അപകടകരമായ രീതിയിലുള്ള വരവ് കണ്ട് റോഡിന്റെ ഓരം ചേർത്ത് ഐ.ടെൻ കാർ നിർത്തിയിട്ടതായിരുന്നു. ഇടിയുടെ ആഘാതത്തിൽ എയർബാഗുകൾ വികസിച്ചത് മൂലം ഇതിലെ യാത്രക്കാർ കാര്യമായ പരിക്ക് കൂടാതെ രക്ഷപെടുകയായിരുന്നു. രാജകുമാരിയിലുള്ള അനുജനെ സന്ദർശിയ്ക്കുവാൻ പോകുകയായിരുന്നു ഇവർ. രണ്ട് വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. രാജാക്കാട് പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

ചിത്രം: അപകടത്തിൽപ്പെട്ട കാറുകൾ