തൊടുപുഴ: കാടടച്ചുള്ള പ്രചാരണത്തിനും റെക്കാഡ് പോളിംഗിനും ശേഷം പെട്ടിയിലായ വോട്ടുകൾ ആർക്ക് അനുകൂലമാകുമെന്ന തലപുകഞ്ഞ കണക്കുകൂട്ടലിലാണ് മുന്നണികൾ. കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷമായ അമ്പതിനായിരത്തിലധികം വോട്ടിന്റെ ലീഡ് നേടുമെന്നാണ് സി.പി.എം പറയുന്നത്. എന്നാൽ അതുംകടന്ന് ഒരു ലക്ഷം വോട്ടിന്റെ വരെ ഭൂരിപക്ഷംതങ്ങൾ നേടുമെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. ഉടുമ്പഞ്ചോലയൊഴിച്ച് ആറ് നിയോജകമണ്ഡലങ്ങളിലും ലീഡ് ചെയ്യുമെന്ന് കോൺഗ്രസ് പറയുമ്പോൾ തൊടുപുഴയൊഴിച്ച് ഡീൻ കഴിഞ്ഞവണ ലീഡ് ചെയ്ത കോതമംഗലമടക്കം പിടിച്ചടക്കുമെന്ന് ഇടതുപക്ഷവും അവകാശപ്പെടുന്നു. വരുംദിവസങ്ങളിൽ ബൂത്തുതലങ്ങളിലെ റിപ്പോർട്ടുകൾ എത്തിയാൽ കൂടുതൽ വ്യക്തമായ കണക്കുകൾ ലഭിക്കും. പോളിംഗ് ശതമാനം ഉയർന്നത് ആർക്കാണ് ഗുണം ചെയ്യുകെന്നാണ് കണ്ടറിയേണ്ടത്. കോതമംഗലം, ഉടുമ്പഞ്ചോല നിയോജകമണ്ഡലങ്ങളിലാണ് ഏറ്റവും അധികം വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ കോതമംഗലത്ത് ഡീനും ഉടുമ്പഞ്ചോലയിൽ ജോയ്സുമായിരുന്നു ലീഡ് ചെയ്തിരുന്നത്. പോളിംഗ് ഉയർന്നത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇരു മുന്നണികളും അവകാശപ്പെടുന്നത്.

തൊടുപുഴ

കഴിഞ്ഞ തവണ ഡീൻ കുര്യാക്കോസ് 3088 വോട്ടുകൾക്ക് ലീഡ് ചെയ്ത തൊടുപുഴയിൽ ഇത്തവണ യു.ഡി.എഫ് പ്രതീക്ഷിക്കുന്ന ലീഡ്നില 20000 മുതൽ 25000 വരെയാണ്. കഴിഞ്ഞതവണ 68.83 ശതമാനമായിരുന്ന പോളിംഗ് ശതമാനം 75.6 ആയി ഉയർന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. എന്നാൽ എൽ.ഡി.എഫ് തൊടുപുഴയിൽ കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കുന്നില്ല. ഡീൻ കുര്യാക്കോസിന്റെ ലീഡ് പരമാവധി കുറയ്ക്കാനായിരുന്നു സി.പി.എം നേതൃത്വത്തിന്റെ ശ്രമം. 15000 വോട്ടിൽ കൂടുതൽ ലീഡ് ഡീനിന് തൊടുപുഴയിൽ കിട്ടില്ലെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്.

ഇടുക്കി

ജില്ലയുടെ ഭരണസിരാകേന്ദ്രമായ ഇടുക്കിയിൽ കഴിഞ്ഞ തവണ ജോയ്സ് 24227 വോട്ടുകൾക്ക് ലീഡ് ചെയ്തിരുന്നു. എന്നാൽ ഇത്തവണ ആ ലീഡ് നില കൈവിട്ടുപോകാതിരിക്കാൻ എൽ.ഡി.എഫിന് കുറെ വിയർപ്പൊഴുക്കിയിരുന്നു. എത്രമാത്രം അത് ഫലവത്തായെന്ന് ഫലം വന്നാൽ അറിയാം. കഴി‌ഞ്ഞ തവണ കസ്തൂരിരംഗൻ ഇഫക്ട് ഏറെ പ്രതിഫലിച്ച മേഖലയായിരുന്നു ഇടുക്കി. എന്നാൽ ഇത്തവണ ആ തരംഗമില്ലെന്നതാണ് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നത്. 5000 വോട്ട് വരെ ഇടുക്കിയിൽ ലീഡ് കിട്ടുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 9333 വോട്ടിന്റെ ലീഡ് റോഷി അഗസ്റ്റിനുണ്ടായിരുന്നത് പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

ഉടുമ്പഞ്ചോല

ഈ തിര‌ഞ്ഞെടുപ്പിൽ വിധി നിർണയിക്കുന്നതിൽ നിർണായക ഘടകമാകുന്ന നിയോജകമണ്ഡലമാണ് ഉടുമ്പഞ്ചോല. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഒമ്പത് ശതമാനത്തിലേറെ പോളിംഗ് ഉയർന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ജില്ലയുടെ ഏക മന്ത്രി എം.എം. മണിയുടെ മണ്ഡലം കൂടിയായ ഉടുമ്പഞ്ചോല സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ്. 20000 മുതൽ 30000 വരെ ലീഡാണ് എൽ.ഡി.എഫ് ഇവിടെ പ്രതീക്ഷിക്കുന്നത്. 22692 ആയിരുന്നു കഴിഞ്ഞ തവണത്തെ ലീഡ്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.എം. മണിയുടെ ഭൂരിപക്ഷം 1109 ആയി കുറച്ച മൂന്ന് പഞ്ചായത്തുകളിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം എന്നിവ യു.ഡി.എഫ് സ്വാധീന പഞ്ചായത്തുകളാണ്. ഇത്തവണ ഈ മൂന്ന് പഞ്ചായത്തുകളിലും ഇരട്ടയാറിലും വൻ ലീഡ് നേടി നിയോജകമണ്ഡലത്തിലെ ജോയ്സിന്റെ ലീഡ് കുറയ്ക്കാമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.

ദേവികുളം

തോട്ടംമേഖലയായ ദേവികുളം ഇത്തവണയും കൈവിടില്ലെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ ഇവിടെ 9121 വോട്ടുകളുടെ ലീഡ് ജോയ്സിനുണ്ടായിരുന്നു. ഇത്തവണയും ലീഡ് നിലനിറുത്താനാകുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. പൊതുവെ തോട്ടംമേഖലയിൽ യു.ഡി.എഫിന് സ്വാധീനം കുറവാണെങ്കിലും ഈ തിരഞ്ഞെടുപ്പിൽ ഡീനിന് ഇവിടെ മേൽക്കൈയുണ്ടാകുമെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയതും ദേവികുളത്താണ്- 70.87. കഴിഞ്ഞ തവണ 70.55 ശതമാനമായിരുന്നു.

പീരുമേട്

ഭൂരിഭാഗവും തോട്ടംമേഖയായ പീരുമേട്ടിൽ കഴിഞ്ഞ തവണ ജോയ്സിന് 5979 വോട്ടിന്റെ ലീഡുണ്ടായിരുന്നു. കഴിഞ്ഞ തവണ 67.94 ശതമാനമായിരുന്ന പോളിംഗ് ഇത്തവണ പത്ത് ശതമാനമുയർന്ന് 76.68 ആയി. പോളിംഗ് ഉയർന്നത് ഇത്തവണയും ജോയ്സിന് അനുകൂലമാകുമെന്ന് ഇടതുപക്ഷം കരുതുന്നത്. എന്നാൽ തോട്ടംമേഖലയിലടക്കം ഡീനിന് ലഭിച്ച വമ്പിച്ച സ്വീകരണം മണ്ഡലം തങ്ങൾക്ക് അനുകൂലമാണെന്നാണ് തെളിയിക്കുന്നതെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. ഏലപ്പാറ,​ വണ്ടിപ്പെരിയാർ,​ അയ്യപ്പൻകോവിൽ,​ ഉപ്പുതറ,​ ചക്കുപള്ളം പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ലീഡ് ചെയ്യും. കുമളി,​ കൊക്കയാർ,​ പെരുവന്താനം പഞ്ചായത്തുകളിൽ യു.ഡി.എഫും ലീഡ് ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.

കോതമംഗലം

ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയ കോതമംഗലം ആർക്കൊപ്പം നിൽക്കുമെന്നത് നിർണായകമാകും. ഇരുമുന്നണികളും അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും ഉയർന്ന പോളിംഗ് ശതമാനം ആർക്കാണ് ഗുണം ചെയ്യുകയെന്നത് പ്രവചനാതീതമാണ്. തോറ്റപ്പോഴും കഴിഞ്ഞ തവണ ഡീൻ ഇവിടെ 2476 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ഇത്തവണ ലീഡ് നില ഉയരുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. 20000 വരെയാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്ന ലീഡ്. എന്നാൽ ഇത്തവണ സ്ഥിതി മാറുമെന്ന് ഇടതുപക്ഷം ഉറച്ചുവിശ്വസിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആന്റണി ജോണിന് ലഭിച്ച 19282 വോട്ടിന്റെ ഭൂരിപക്ഷമാണ് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്. നിയോജകമണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ യാക്കോബായ വോട്ടുകളിലാണ് എൽ.ഡി.എഫിന്റെ കണ്ണ്. യാക്കോബായ വോട്ടുകൾ ഇടതിന് 5000 വോട്ടിന്റെയെങ്കിലും ലീഡ് തരുമെന്ന് അവർ കരുതുന്നു. എന്നാൽ ഭൂരിഭാഗവും കോൺഗ്രസ് അനുഭാവികളായ യാക്കോബായ വിഭാഗം എൽ.ഡി.എഫിന് വോട്ട് ചെയ്യില്ലെന്നും റോമൻ കത്തോലിക്കാ വോട്ടുകൾ മുഴുവൻ തങ്ങളുടെ പെട്ടിയിൽ വീണതായും യു.ഡി.എഫ് അവകാശപ്പെടുന്നു. നെല്ലിക്കുഴി, കവളങ്ങാട്, കോട്ടപ്പടി പഞ്ചായത്തുകൾ എൽ.ഡി.എഫിന് ഒപ്പം നിൽക്കുമെന്നാണ് കണക്കുകൂട്ടൽ. പല്ലാരിമംഗലം, കീരംപാറ, പിണ്ടിമന, പൈങ്ങോട്ടൂർ, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളിൽ യു.ഡി.എഫും ലീഡ് ചെയ്യും.

മൂവാറ്റുപുഴ

കഴിഞ്ഞ തവണ യു.ഡി.എഫ് 5572 വോട്ടിന്റെ ലീഡ് നേടിയ നിയോജകമണ്ഡലമാണ് മൂവാറ്റുപുഴ. ഇത്തവണയും കാര്യമായ പരിക്കേൽക്കാതെ ലീഡ് നേടാനാകുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. ലീഡ് പരമാവധി കുറയ്ക്കാനാണ് എൽ.ഡി.എഫ് ശ്രമം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 9375 വോട്ട് നേടി വിജയിച്ച എൽദോ എബ്രഹാമാണ് എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നത്. എന്നാൽ യു.ഡി.എഫ് സർക്കാരിനെതിരായ ഭരണവിരുദ്ധവികാരമാണ് കഴിഞ്ഞ തവണ എൽദോയ്ക്ക് അനുകൂലമായതെന്നാണ് വിലയിരുത്തൽ. ഇത്തവണ അത്തരമൊരു സാഹചര്യം മൂവാറ്റുപുഴയിൽ ഇല്ല. മൂവാറ്റുപുഴ ടൗണിലെ മഴ നനയുന്ന വെയിറ്റിംഗ് ഷെഡിനെക്കുറിച്ചുള്ള ട്രോളുകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമായിരുന്നു.

'എൽ.ഡി.എഫിന് കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ എന്തായാലും ലഭിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷമുണ്ടാകും. തൊടുപുഴയിലെ ഡീനിന്റെ ലീഡ് ഒരിക്കലും ആവർത്തിക്കില്ല".

- കെ.കെ. ജയചന്ദ്രൻ (സി.പി.എം ജില്ലാ സെക്രട്ടറി)​

'ഒരു ലക്ഷം വോട്ടിനടുത്ത് ഭൂരിപക്ഷത്തിൽ ഡീൻ വിജയിക്കും. രാഹുൽ വന്നതോടെ തമിഴ് തോട്ടം മേഖലയിൽ യു.ഡി.എഫ് അനുകൂല തരംഗമുണ്ട്. ആറ് നിയോജകമണ്ഡലങ്ങളിലും ലീഡ് ചെയ്യും. ഉടുമ്പഞ്ചോലയിൽ കടുത്ത മത്സരമുണ്ടാകും"

- ഇബ്രാഹിംകുട്ടി കല്ലാർ (ഡി.സി.സി പ്രസിഡന്റ്)

'നൂറ് ശതമാനം വിജയ പ്രതീക്ഷയിലാണ്. എല്ലാ നി​യോജകമണ്ഡലങ്ങളിലും ലീഡ് ചെയ്യും."

- ഡീൻ കുര്യാക്കോസ് (യു.ഡി.എഫ് സ്ഥാനാർത്ഥി)​

'എൽ.ഡി.എഫിന്റെ വിജയം ഉറപ്പാണ്. പോളിംഗ് ഉയർന്നത് ലീഡ് നില ഉയർത്തും"

- ജോയ്സ് ജോർജ്ജ് (എൽ.ഡി.എഫ് സ്ഥാനാർത്ഥി)​