രാജാക്കാട് : കയ്യേറ്റങ്ങൾക്കും ഒഴിപ്പിയ്ക്കലുകൾക്കും പേരുകേട്ട ചിന്നക്കനാൽ വീണ്ടും സമരഭൂമിയകുന്നു. കഴിഞ്ഞ ആഴ്ച്ച ഭൂരഹിതരായ നൂറോളം തോട്ടം തൊഴിലാളി കുടുംബങ്ങൾ സൂര്യനെല്ലി ടൗണിന് സമീപം റവന്യൂ ഭൂമി കയ്യേറിയതിന് പിറകെ ആദിവാസി സംഘടനകളും ഭൂമി ആവശ്യപ്പെട്ട് സമരരംഗത്തേയ്ക്ക് ഇറങ്ങുന്നു. തൊഴിലാക്കളുടെ കയ്യേറ്റം സമ്മർദ്ദ തന്ത്രമാണെന്നും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അർഹരായവർക്ക് ഭൂമി പതിച്ചുനൽകാൻ ഒരുക്കമാണെന്നും റവന്യൂ അധികൃതർ വ്യക്തമാക്കി.
കയ്യേറ്റം ഇങ്ങനെ
ചിന്നക്കനാൽ, സൂര്യനെല്ലി എന്നിവിടങ്ങളിലെ വിവിധ തേയില ഏലം തോട്ടങ്ങളിൽ ദശകങ്ങളായി ജോലിചെയ്യുന്ന കുടുംബങ്ങൾ ഞായറാഴ്ച്ച പുലർച്ചെ അഞ്ചോടെയാണ് സൂര്യനെല്ലി ബി.എൽ റാവ് റോഡിനോട് ചേർന്ന് രണ്ടേമുക്കാൽ ഏക്കറോളം വരുന്ന റവന്യൂ ഭൂമി കയ്യേറിയത്. ദില്ലി കേന്ദ്രീകരിച്ചുള്ള ഒരു സ്വകാര്യ കമ്പനി കൈവശപ്പെടുത്തി വ്യാജപ്പട്ടയം നേടിയിരുന്ന ഈ സ്ഥലത്തിന്റെ പട്ടയം റദ്ദ് ചെയ്ത് റവന്യൂവകുപ്പ് തിരിച്ച് പിടിച്ചിരുന്നു.തരിശായി കിടക്കുകയായിരുന്ന ഇവിലെ നൂറോളം കുടുംബങ്ങളിലെ ആൾക്കാർ പ്രവേശിച്ച് മൂന്ന് സെന്റ് വീതം കൈവശപ്പെടുത്തി. അടിക്കാട് തെളിച്ച ശേഷം പടുത വലിച്ചുകെട്ടി താമസം ആരംഭിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലായിരുന്നതിനാൽ റവന്യൂ വകുപ്പോ രാഷ്ട്രീയ നേതൃത്വങ്ങളോ പൊലീസോ സംഭവത്തിൽ ശക്തമായി ഇടപെട്ടിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ഭൂകർമ്മ സേനയും സ്ഥലത്ത് എത്തിയെങ്കിലും ഒഴിപ്പിക്കൽ നടപടിയ്ക്ക് മുതിരാതെയുംകയ്യേറിയവരെ പ്രകോപിപ്പിയ്ക്കാതെയും പിന്മാറുകയാണ് ചെയ്തത്.
വേറെ മാർഗമില്ല
കയ്യേറിയവർ ഇപ്പോഴും സ്ഥലത്ത് തുടരുകയാണ്. ഏതെങ്കിലും സംഘടനയുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ പിൻബലം തങ്ങൾക്കില്ലെന്നുംഭൂമി ലഭിയ്ക്കുന്നതിനായുള്ള സമരം മാത്രമാണ് തങ്ങൾ നടത്തുന്നതെന്നുമാണ് ഇവർ പറയുന്നത്. പിൻതുണ വാഗ്ദാനം ചെയ്ത് ഭരണകക്ഷിയിലെത്തന്നെ ഒരു പാർട്ടിയുടെ പ്രാദേശിക നേതൃത്വം എത്തിയിരുന്നുവെന്നും എന്നാൽ തങ്ങൾ അത് നിരസിച്ചുവെന്നും ഇവർ അവകാശപ്പെടുന്നു. ലയങ്ങളിൽ വർഷങ്ങളായി താമസിക്കുന്ന ഇവരിൽ പലർക്കും അവിടങ്ങളിൽ തുടരാനാകാത്ത സാഹചര്യമുണ്ടെന്നും ഏത് നിമിഷവും ഇറക്കിവിടപ്പെട്ടേക്കാമെന്നുമാണ് ഇവരുടെ ആശങ്ക. ജീവിതാവശ്യങ്ങൾ നിറവേറ്റാനുള്ള വരുമാനം പോലും ഇല്ലാത്ത സ്ഥിതിയാണെന്നുംസെന്റിന് ലക്ഷങ്ങൾ വിലവരുന്ന വിനോദ സഞ്ചാര മേഖലയായതിനാൽ ഭൂമി വില നൽകി വാങ്ങി വീട് വയ്ക്കാനുള്ള ശേഷിയില്ലെന്നും സർക്കാരിൽ അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുകയാണെന്നും, അനുകൂല തീരുമാനം ഉണ്ടാകാത്തതിനാലാണ് സ്ഥലം കയ്യേറിയതെന്നും ഇവർ പറയുന്നു. ഇതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് സൂചന.
ഭൂ സമരത്തിനൊരുങ്ങി ആദിവാസി സംഘടനകളും
2002 ൽ ആദിവാസി പുനരധിവാസത്തിനായി സർക്കാർ കണ്ടെത്തിയ ഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസികളും സമരത്തിന് തയ്യാറെടുക്കുകയാണ്. ഏറ്റെടുത്ത ഭൂമിയുടെ പാതിയിലേറെയും കയ്യേറ്റക്കാരുടെ കൈവശമാണെന്നും, ഇതിന് റവന്യൂ വകുപ്പ് ഒത്താശ ചെയ്യുകയാണെന്നും പട്ടികവർഗ്ഗ ഏകോപന സമതി. ചിന്നക്കനാലിൽ വനംവകുപ്പിന്റെ ഏകവിളത്തോട്ടമായിരുന്ന 1490 ഏക്കർ ഭൂമി ആദിവാസികൾക്ക് നൽകാനായി 2002 ൽ സർക്കാർ കണ്ടെത്തിയിരുന്നു. ഇതിൽ 628 ഏക്കർ മാത്രമാണ് വിതരണം ചെയ്തത്. ബാക്കി സ്ഥലം അവശേഷിച്ചിരുന്നെങ്കിലും സ്ഥലമില്ലെന്നാണ് ഇപ്പോൾ റവന്യൂ വകുപ്പ് പറയുന്നതെന്നും, ഭൂമി യഥാർത്ഥ അവകാസികൾക്ക് പത്തിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ഉടൻ സമരം ആരംഭിക്കുമെന്നും സമതി നേതാക്കൾ പറഞ്ഞു.
സൂര്യനെല്ലിയിലേത് സമ്മർദ്ദതന്ത്രമെന്ന് റവന്യൂ വകുപ്പ്
സൂര്യനെല്ലിയിൽ തൊഴിലാളികൾ എന്ന പേരിൽ ചിലർ ഭൂമി കയ്യേറിയിരിക്കുന്നത് സമ്മർദ്ദ തന്ത്രം മാത്രമാണെന്നും, യഥാർത്ഥ ഭൂരഹിതർ സർക്കാരിൽ അപേക്ഷ നൽകുകയാണ് വേണ്ടതെന്നും റവന്യൂ വകുപ്പ്. കയ്യേറിയവരിൽ പലരും പുറമെനിന്നുള്ളവരാണ്. സർക്കാർ ഭൂമി അന്യാധീനപ്പെടുത്തുവാൻ ആരെയും അനുവദിക്കില്ല. പ്രശ്നം ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നതാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, അടുത്ത ദിവസങ്ങളിൽ നടപടി ഉണ്ടാകുമെന്നും ദേവികുളം എൽ.ആർ തഹസീൽദാർ ജോസഫ് പറഞ്ഞു.
സൂര്യനെല്ലിയിൽ റവന്യൂ ഭൂമി കയ്യേറി തൊഴിലാളികൾ ഷെഡ്ഡ് നിർമ്മിച്ചിരിക്കുന്നു