അടിമാലി: മാങ്കുളം പഞ്ചായത്തിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് സ്റ്റാൻഡിനായി പഞ്ചായത്ത് മാങ്കുളം ടൗണിൽ ഭൂമി ഏറ്റെടുത്തിരുന്നു. ബസ് സ്റ്റാൻഡ് യാഥാർത്ഥ്യമായാൽ ടൂറിസം രംഗത്ത് വളർച്ച കൈവരിച്ച് കൊണ്ടിരിക്കുന്ന പഞ്ചായത്തിന്റെ വികസനത്തിന് കുതിപ്പേകും. ബസ് സ്റ്റാൻഡ് നിർമ്മിക്കാനായി മാങ്കുളത്തെ പഴയ തീയേറ്ററിന് സമീപം പഞ്ചായത്ത് 81 സെന്റ് സ്ഥലം വാങ്ങിക്കുകയും ചെയ്തു. 2018- 19 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തിയായിരുന്നു ബസ് സ്റ്റാൻഡിനായി സ്ഥലം വാങ്ങാൻ പഞ്ചായത്ത് തുക വകയിരുത്തിയത്. 2019- 20 സാമ്പത്തിക വർഷത്തിൽ തുക വകയിരുത്തി നിർമ്മാണ ജോലികൾ ആരംഭിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടുള്ളത്. മണ്ണ് നീക്കം ചെയ്യുക, സംരക്ഷണ ഭിത്തി നിർമ്മിക്കുക തുടങ്ങിയ കാര്യങ്ങൾക്കായി 40 ലക്ഷത്തോളം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെന്നാണ് സൂചന. എം.എൽ.എ, എം.പി തുടങ്ങിയ ജനപ്രതിനിധികളുടെ ഫണ്ടും പഞ്ചായത്ത് നിർമ്മാണ ജോലികൾക്കായി പ്രതീക്ഷിക്കുന്നുണ്ട്. നിർമ്മാണം ആരംഭിക്കുന്നതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും 2020- 21 സാമ്പത്തിക വർഷത്തിൽ ബസ് സ്റ്റാൻഡിന്റെ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു പറഞ്ഞു. നിലവിൽ നാല് കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ പതിനഞ്ചോളം ബസ് സർവീസുകളാണ് മാങ്കുളത്തേക്കുള്ളത്. മാങ്കുളം ടൗണിൽ പഞ്ചായത്ത് നിർമ്മിച്ചിട്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തു വച്ചാണിപ്പോൾ ബസുകൾ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ബസ് സ്റ്റാൻഡിനോട് ചേർന്ന് വ്യാപാര സമുച്ചയം കൂടിയെത്തിയാൽ മാങ്കുളത്തിന്റെ വികസന വഴിയിൽ വലിയ മാറ്റത്തിന് ഇടവരുത്തുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.