രാജാക്കാട് :സൂര്യനെല്ലിയിൽ ഭൂരഹിതരായ തൊഴിലാകൾ നടത്തുന്ന സമരം ആറാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ പിൻതുണയുമായി രാഷ്ട്രീയ പാർട്ടികളും രംഗത്ത്. പൊമ്പിളൈ ഒരുമൈ സമരനേതാവ് ആയിരുന്ന ഗോമതി ഇന്ന് സമരവേദി സന്ദർശിക്കും. ഇപ്പോൾ നടക്കുന്നത് പ്രതീകാത്മക സമരം മാത്രമാണെന്നും ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും തൊഴിലാളികൾ പറയുന്നു. സമരമുഖത്തേയ്ക്ക് ഇന്നലെയും അധികൃതർ എത്തിയില്ല. കയ്യേറ്റങ്ങൾക്കും ഒഴിപ്പിയ്ക്കലുകൾക്കും പേരുകേട്ട ചിന്നക്കനാലിലെ സൂര്യനെല്ലി ടൗണിനു സമീപത്തെ രണ്ടേമുക്കാൽ ഏക്കറോളം റവന്യൂ ഭൂമി ഞായറാഴ്ച്ച രാവിലെയാണ് ഭൂരഹിതരായ നൂറോളം തോട്ടം തൊഴിലാളി കുടുംബങ്ങൾ കയ്യേറി താൽക്കാലിക ഷെഡ്ഡുകൾ നിർമ്മിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറിലേറെപ്പേർ ആദ്യ ദിനങ്ങളിൽ സമരമുഖത്ത് ഉണ്ടായിരുന്നു. ഇപ്പോൾ കുടുംബത്തിലെ ഒരോ അംഗം വീതമാണ് പങ്കെടുക്കുന്നത്. കടുത്ത മഞ്ഞും തണുപ്പും കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണവും സഹിച്ചാണ് ഇവർ ദിവസങ്ങൾ പിന്നിടുന്നത്. ചിന്നക്കനാൽ, സൂര്യനെല്ലി എന്നിവിടങ്ങളിലെ വിവിധ തോട്ടങ്ങളിൽ ദശകങ്ങളായി ജോലിചെയ്യുന്ന തങ്ങൾ ഏറെ ദുരിതങ്ങൾ സഹിച്ചാണ് ലയങ്ങളിലെ പരിമിതമായ സാഹചര്യങ്ങളിൽ കഴിഞ്ഞുകൂടുന്നതെന്നും ഏതുനിമിഷവും അവിടങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടേക്കാമെന്നും ഇവർ പറയുന്നു. സർക്കാരിന്റെ ഭവനനിർമ്മാണ പദ്ധതിയിൽ വീട് ലഭിച്ചാൽപ്പോലും അത് പണിയുന്നതിന് സ്വന്തമായി ഭൂമിയില്ല. സെന്റിന് ലക്ഷങ്ങൾ കൊടുക്കണമെന്നതിനാൽ വിലയ്ക്ക് വാങ്ങുവാനും നിവൃത്തിയില്ല. ഇതേസമയം പ്രദേശത്തെ പേരുകേട്ട കയ്യേറ്റക്കാരൻ മൂവായിരം ഏക്കറോളം ഭൂമിയാണ് പഞ്ചായത്തിൽ പലയിടത്തായി കയ്യേറി പട്ടയം സംഘടിപ്പിച്ചിരിക്കുന്നത്. ഒരേ സർവ്വേ നമ്പരിൽത്തന്നെ മൂന്നിടത്ത് ഏക്കറുകൾ കൈവശം വച്ചിരിക്കുകയാണ്. രണ്ട് വർഷം മുൻപ് തങ്ങൾ ഭൂമിക്കായി കളക്ടർക്കും തഹസീൽദാർക്കും അപേക്ഷകൾ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. തരാൻ ഭൂമി ഇല്ലെന്നാണ് പറയുന്നത്. ഈ സാഹചര്യത്തിലാണ് റവന്യൂ ഭൂമി കയ്യേറി സമരം ചെയ്യുന്നതെന്നും ഇവർ പറയുന്നത്. പഞ്ചായത്തിൽ 400ൽ അധികം കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി ഇല്ലെന്നാണ് വിവരം. അടുത്ത ദിവസങ്ങളിൽ ഇവരും പ്രദേശത്തെ വിവിധ സർക്കാർ ഭൂമികൾ കയ്യേറി സമരം ആരംഭിക്കുമെന്നും സൂചനകളുണ്ട്.
കൃത്യമായ നേതൃത്വം ഇല്ലാത്ത സമരക്കാർക്ക് രാഷ്ട്രീയ പിൻതുണ കൂടാതെ മുന്നോട്ട് നീങ്ങാനാകാത്ത സാഹചര്യമുണ്ട്. പൊലീസ് നടപടികൾ ഉൾപ്പെടെയുള്ളവ ഉണ്ടായാൽ അസംഘടിതരായ ഇവർക്ക് സമരം ഉപേക്ഷിച്ച് പിന്മറേണ്ടിവരും. അതുകൊണ്ട് തന്നെ എല്ലാ രാഷ്രീയ സംഘടനകളുടെയും സഹായം സ്വാഗതം ചെയ്യുന്നുമുണ്ട്. ഇന്ന് രാവിലെ 11 ന് ഗോമതി സമരക്കാരെ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എ.ഐ.ടി.യൂ.സി, ഐ.എൻ.ടി.യൂ.സി യൂണിയനുകളിൽ ഉള്ളവരാണ് സമരക്കാരിൽ ഏറെയും. ഇതുകൊണ്ടുതന്നെ ഈ രണ്ട് സംഘടനകളുടെയും നേതാക്കാളുടെ മൗന പിൻതുണ ഇവർക്കുണ്ട്. വരും ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ തന്നെ സമരത്തിന്റെ മുൻ നിരയിലേയ്ക്ക് വരുമെന്നാണ് കരുതുന്നത്.