elephant

മറയൂർ: രണ്ടു മാസമായി കാട്ടാനക്കൂട്ടം കീഴാന്തൂർ ഗ്രാമങ്ങളെ വട്ടം കറക്കുന്നു. കൃഷിയിടത്തിലും ജനവാസ മേഖലയിലും പകൽ സമയങ്ങളിൽ പോലുമെത്തുന്ന കാട്ടാനക്കൂട്ടം വൻ കൃഷി നാശം വരുത്തുകയാണ്.കീഴാന്തൂർ ഗ്രാമത്തിലെ വിനായക ക്ഷേത്രത്തിൽ കയറിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന ബക്കറ്റും മറ്റ് സാധനങ്ങളും തകർത്തു. ശീതകാല പച്ചക്കറിപ്പാടങ്ങളിൽ വൻ നാശമാണ് കഴിഞ്ഞ രാത്രിയിലും കാട്ടാനക്കൂട്ടം വരുത്തിയത്. കീഴാന്തൂർ ഗ്രാമവാസികളായ മഹാദേവൻ, ജനകൻ, ദണ്ഡപാണി,മണി, സത്യവാൻ തുടങ്ങി നിരവധിയാളുകളുടെ പച്ചക്കറി കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ചു.മറയൂർ കാന്തല്ലൂർ പാതയിലൂടെയുള്ള വാഹന യാത്രയിൽ ഏത് നിമിഷവും കാട്ടാന കൂട്ടത്തിന്റെ മുൻപിൽപ്പെടുമെന്ന ആശങ്കയാണ് ഉള്ളത്. ഭാഗ്യം കൊണ്ട് പലരും തലനാരിഴിക്ക് രക്ഷപ്പെട്ടു. കാട്ടാനകളെ വനമേഖലയിലേക്ക് തിരിച്ചയയ്ക്കാൻ ഒരു നടപടിയും അധികൃതർ എടുത്തിട്ടില്ലായെന്ന് ഗ്രാമവാസികൾ പറയുന്നു.