മറയൂർ: മൂന്നാർ മറയൂർ സംസ്ഥാന പാത നവീകരണ പദ്ധതികൾ നിലച്ച നിലയിൽ. വിഷുവിന് രണ്ടു ദിവസം മുൻപ് നിർത്തിവച്ച പണികൾ വീണ്ടും ആരംഭിക്കുവാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മഴക്കാലം വരുന്നതിന് മുൻപ് ടാറിംഗ് പണി പൂർത്തികരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. 19.8 കോടി രൂപയുടെ നവീകരണ പദ്ധതികളാണ് നടപ്പിലാക്കേണ്ടത്.40 കിലോമീറ്റർ ദൂരത്തിൽ റോഡ് റബറൈസ്ഡ് ടാറിംഗും ചില ഭാഗങ്ങളിൽ സംരക്ഷണഭിത്തികളുടെ നിർമ്മാണവും വശങ്ങളിൽ കോൺക്രീറ്റുമാണ് പദ്ധതിയിൽ ഉള്ളത്. എന്നാൽ ഇതുവരെ പള്ളനാട് മുതൽ വാഗ വുരൈ വരെയുള്ള 13 കിലോമീറ്റർ മാത്രമാണ് ടാറിംഗ് പൂർത്തിയായിട്ടുള്ളത്. കഴിഞ്ഞ രണ്ടു ദിവസമായി ഈ മേഖലയിൽ മഴ പെയ്യുന്നതിനാൽ പുതിയതായി ടാറിംഗ് നടത്തിയ ഭാഗങ്ങളിൽ മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. പാതക്കിരുവശവും വെള്ളം ഒഴുകി പോകുന്ന സംവിധാനങ്ങൾ ഇല്ലാത്തതിനാലാണ് ഇവിടെ മണ്ണടിഞ്ഞത്. ഏറെ പ്രതീക്ഷയോടയും കാത്തിരിപ്പിനൊടുവിലുമാണ് അഞ്ചുനാട് ഗ്രാമങ്ങളും സഞ്ചാരികളും ഈ പാതയുടെ നവീകരണ പദ്ധതി യാഥാർത്ഥ്യമാകുന്നത്. പണി താമസിക്കും തോറും മഴക്കാലം അടുക്കുന്ന തോടുകൂടി പാതയുടെ നിർമ്മാണം വീണ്ടും നീളുമെന്ന ആശങ്കയിലാണ് ഇവർ.