കട്ടപ്പന: സ്റ്റൗവുമായി ബന്ധിപ്പിക്കുന്നതിനിടെ സിലിണ്ടറിൽ നിന്ന് വാതകം ചോർന്നു. ഇന്നലെ രാവിലെ പത്തിന് കട്ടപ്പന കല്ലുകുന്ന് ചേമ്പാലയിൽ സോജൻ്റെ വീട്ടിൽ ഗാർഹികാവശ്യത്തിന് എത്തിച്ച ഗ്യാസ് സിലിണ്ടറിൽ നിന്നാണ് ചോർച്ചയുണ്ടായത്. സോജൻ്റെ ഭാര്യ സിനി സ്റ്റൗവുമായി ബന്ധിപ്പിക്കാൻ സിലിണ്ടർ തുറന്നപ്പോഴാണ് ചോർച്ച ഉണ്ടായത്. വിവരമറിഞ്ഞ് സമീപത്തെ ലയത്തിലെ തൊഴിലാളികളെത്തി ചോർച്ച പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി വെള്ളമൊഴിച്ചാണ് ഗ്യാസ് ചോർച്ച പരിഹരിച്ചത്. സിലിണ്ടറിനുള്ളിൽ വാതക ചോർച്ച തടയാനുള്ള വാൽവ് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി.