തൊടുപുഴ : ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിവരുന്ന നീന്തൽ പരിശീലന ക്ലാസുകളുടെ അടുത്ത ബാച്ച് 28 ന് വൈകിട്ട് 4 മുതൽ ആരംഭിക്കും. പെൺകുട്ടികൾക്ക് മാത്രമായി പ്രത്യേക ബാച്ചുകൾ ഉണ്ടായിരിക്കും. 2 വയസ് മുതൽ 8 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് കിഡ്സ് സ്വിമ്മിംഗ് പൂളിൽ പ്രത്യേകം പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക് അക്വാറ്റിക് സെന്ററുമായി ബന്ധപ്പെടുക.ഫോൺ : 9447223674.
പൂർവ്വ വിദ്യാർത്ഥി സംഗമം 28ന്
മുള്ളരിങ്ങാട് : ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ 1988- 89 ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ സംഗമം 28ന് മുള്ളരിങ്ങാട് ഗവ. ഹൈസ്‌കൂളിൽ നടക്കും. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് ഇവരുടെ ഒത്തുചേരൽ. 90ഓളം പൂർവ്വവിദ്യാർത്ഥികളും കുടുംബാംഗങ്ങളും അദ്ധ്യാപകരും സമ്മേളനത്തിൽ പങ്കെടുക്കും.
മുട്ടക്കോഴി വിതരണം ഇന്ന്
തൊടുപുഴ: മങ്ങാട്ടുകവല മൃഗാശുപത്രിയിൽ നിന്നും രണ്ട് മാസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ 100 രൂപാ നിരക്കിൽ ഇന്ന് രാവിലെ 9 മുതൽ വിതരണം ചെയ്യുമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.
പരാതികൾ അറിയിക്കണം
തൊടുപുഴ : തൊടുപുഴ നഗരസഭാ 023 - മുനിസിപ്പൽ ഓഫീസ് വാർഡിലേക്ക് നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടർ പട്ടിക മുനിസിപ്പൽ ഓഫീസ്, താലൂക്ക് ഓഫീസ്, തൊടുപുഴ, കാരിക്കോട്, മണക്കാട്, കുമാരമംഗലം എന്നി വില്ലേജ് ഓഫീസുകളിലും പ്രദർശിപ്പിച്ചുള്ളതാണ്. ഓഫീസ് പ്രവർത്തി സമയങ്ങളിൽ ഇവ പരിശോധനയ്ക്ക് ലഭ്യമാകുന്നതാണ്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകളും ആക്ഷപങ്ങളും മേയ് 5 ന് മുമ്പായി സമർപ്പിക്കണം.
കാലിത്തീറ്റ വിതരണം
തൊടുപുഴ : നഗരസഭാ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കിയിരിക്കുന്ന കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ കാലിത്തീറ്റ 29 ന് രാവിലെ 10 മുതൽ കോലാനി തനിമ സൊസൈറ്റിയിൽ നിന്നും വിതരണം ചെയ്യും.
ഇളംദേശം കപ്പേള തിരുനാൾ
ഇളംദേശം : വെട്ടിമറ്റം സെന്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയുടെ ഇളംദേശം കപ്പേളയിൽ വി. സെബസ്ത്യാനോസിന്റെയും വി. ഗീവർഗീസിന്റെയും തിരുനാൾ 28 ന് നടക്കും. രാവിലെ 8.45 ന് കൊടിയേറ്റ്, കഴുന്ന് എടുക്കൽ, വൈകിട്ട് 5 ന് തിരുനാൾ കുർബാന, വിശ്വാസ പ്രഘോഷണ റാലി, സമാപന പ്രാർത്ഥന, സ്നേഹവിരുന്ന് എന്നിവ നടക്കും.