തൊടുപുഴ: നഗരസഭാ പരിധിയിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കരാറുകാർക്ക് ബില്ലു മാറി നൽകുന്നതിൽ അലംഭാവം കാട്ടുന്ന നഗരസഭ അസിസ്റ്റന്റ് എൻജിനിയർക്കെതിരെ കൗൺസിൽ യോഗത്തിൽ വിമർശനം. കൗൺസിലർ ടി.കെ. സുധാകരൻ നായർ അസിസ്റ്റന്റ് എഞ്ചിനിയർക്കെതിരെ ക്കെതിരെ പൊട്ടിത്തെറിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കരാറുകാരെ ദ്രോഹിക്കുന്ന നടപടിയാണ് എ.ഇ സ്വീകരിക്കുന്നതെന്ന് കൗൺസിലർമാർ വിമർശിച്ചു. ബിൽഡിംഗ് പെർമിറ്റിനായി എത്തുന്നവരെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് എ.ഇ മടക്കി അയക്കുന്നത് പതിവാണെന്നും ആരോപണമുയർന്നു. കഴിഞ്ഞ പ്രളയത്തിൽ തകർന്ന ഒന്നാം വാർഡിലെ പൊന്നാമ്പള്ളി പുഴയോര റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടും കരാറുകാരന് ബില്ല് പാസാക്കി നൽകാൻ എ.ഇ. തയാറാകാത്തതാണ് വിമർശനങ്ങൾക്ക് കാരണമായത്. പ്രളയത്തിൽ ഇടിഞ്ഞു താഴ്ന്ന റോഡ് ബലപ്പെടുത്തുന്നതിനായി ജനുവരിയിൽ ചേർന്ന കൗൺസിൽ യോഗം 19 ലക്ഷം രൂപയ്ക്കുള്ള ഇ- ടെണ്ടർ ക്ഷണിച്ചിരുന്നു. കരിമണ്ണൂർ സ്വദേശിയായ കരാറുകാരൻ നിശ്ചിത തുകയിൽ നിന്ന് 3.5 ലക്ഷം രൂപ കുറച്ച് നിർമാണ പ്രവർത്തനം ഏറ്റെടുത്തു. മാർച്ച് ആദ്യവാരത്തോടെ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങളുടെ ഭൂരിഭാഗം പണികളും തീർത്താണ് ബില്ല് പാസാക്കാൻ എ.ഇയെ സമീപിച്ചത്. എന്നാൽ മൂന്ന് മീറ്റർ വീതിയിൽ കമ്പിയിടേണ്ടിയിരുന്നില്ലെന്നും ടെണ്ടർ സമർപ്പിച്ചപ്പോൾ ലൈസൻസിന്റെ കോപ്പി കരാറുകാരൻ സമർപ്പിച്ചില്ലെന്നുമുള്ള കാരണത്താൽ ബില്ല് പാസാക്കാൻ കഴിയില്ലെന്നും എ.ഇ പറഞ്ഞു. തുടർന്ന് കരാറുകാരൻ എ.എക്‌സിയെ സമീപിച്ചപ്പോൾ ശരിയായ രീതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും പതിവായി നഗരസഭയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിവരുന്നതിനാൽ ലൈസൻസ് കോപ്പി പിന്നീട് ചേർത്താൽ മതിയെന്നും അറിയിച്ചു. തുടർന്ന് വീണ്ടും കരാറുകാരൻ എ.ഇയെ സമീപിച്ചെങ്കിലും മാർച്ച് മാസം അവസാനംവരെ ഒരോ കാരണങ്ങൾ പറഞ്ഞ് ബില്ല് പാസാക്കാതെ തുക സ്പിൽഓവർ ആക്കി. ബില്ല് പാസാക്കാത്തതിന്റെ കാരണമറിയാൻ നിർമാണ പ്രവർത്തനങ്ങൾ നടന്ന ഒന്നാം വാർഡ് അംഗമായ താൻ എ.ഇയെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി നൽകിയില്ലെന്ന് ടി.കെ. സുധാകരൻ നായർ പറഞ്ഞു. ഓവർസീയറും എ.എക്‌സിയും ബില്ല് പാസാക്കി നൽകാൻ തയ്യാറാകുമ്പോഴും എ.ഇ ബില്ലിൽ ഒപ്പിടാൻ തയ്യാറായില്ലെന്ന് കരാറുകാരനും ആരോപിച്ചു.