മറയൂർ: വീടിനുള്ളിൽ കടന്ന മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടുപവന്റെ സ്വർണ്ണമാല പൊട്ടിച്ച കടന്നുകളഞ്ഞു. മറയൂർ-കോവിൽക്കടവ് റോഡിൽ കോട്ടക്കുളം ഭാഗത്ത് താമസക്കാരായ തടിയിലേത്ത് വീട്ടിൽ സുനിൽതോമസിന്റെ ഭാര്യ വത്സലാ സുനിലിന്റെ മാലയാണ് കവർച്ച ചെയ്യപ്പെട്ടത്.
കഴുത്തിലെ മാല വലിച്ച് പൊട്ടിക്കുന്നതറിഞ്ഞ വീട്ടമ്മ നോക്കിയപ്പോൾ വീടിന്റെ പിൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. രാത്രി ആയതിനൽ മോഷ്ടാവിനെ കാണാൻ സാധിച്ചതുമില്ല. വിവരം അറിയിച്ചതിനെ തുടർന്ന് രാത്രി തന്നെ അയൽവാസികളും പൊലീസും തിരച്ചിൽ നടത്തി. പശുവളർത്തലും തയ്യൽ തൊഴിലും ചെയ്ത് ഉപജീവനം നടത്തുന്ന കൂടുംബമാണ് സുനിലിന്റേത് സംഭവം നടക്കുമ്പോൾ ഇവരെ കൂടാതെ രണ്ട് പെൺമക്കളും അടുത്ത മുറിയിൽ ഉണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമയി എത്തിയ ഇടുക്കി ഡോഗ് സ്‌ക്വോഡിന്റെ സ്റ്റെഫി എന്ന നായ് മണം പിടിച്ച് വീടിനൂള്ളിലെ മുറികളിലും ചുറ്റിലും മാത്രമാണ് നടന്നത്. ഇടുക്കി ഫിംഗർപ്രൈന്റ് വിഭാഗത്തിൽ നിന്നൂം ബൈജുസേവിയറിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവുകൾ ശേഖരിച്ചു. മറയൂർ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് വി ആർ ജഗദീഷ്, അഡീഷണൽ എസ് ഐ റ്റി പി ജൂഡി, ജോളി ജോസഫ്, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി വരുന്നത്.