mambazham
കാട്ടുമാമ്പഴം കാഡ്സിന്റെ മാമ്പഴ സ്റ്റാളിൽ നിന്നും

തൊടുപുഴ : ജൈവകൃഷിയുടെ ശക്തമായ സന്ദേശം നൽകി, മേടമാസത്തിലെ പത്താമുദയത്തോടനുബന്ധിച്ച് കാഡ്സ് സംഘടിപ്പിച്ചിരിക്കുന്ന ഗ്രീൻഫെസ്റ്റ് ശ്രദ്ധേയമാകുന്നു. ഉയർന്ന ഗുണനിലവാരമുള്ള വിത്തുകളുടെയും തൈകളുടെയും അതിവിപുലമായ ശേഖരമാണ് ജനങ്ങളെ ആകർഷിക്കുന്നത്. കൂടിനുള്ളിൽ വളർന്ന് നിറയെ കായ്ച്ചുനിൽക്കുന്ന മൾട്ടിറൂട്ട് ജാതികളും പ്ലാവിൻതൈകളും ഏറെ കൗതുകത്തോടെയാണ് കർഷകർ വീക്ഷിക്കുന്നത്. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കപ്പത്തണ്ട് എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിൽ നിന്ന് എത്തിച്ചേർന്ന ഉൽപ്പാദനക്ഷമതകൂടിയ ടിഷ്യുകൾച്ചർ ഏത്തവാഴയും നെടനേത്രനും 60ഓളം ഇനം പച്ചക്കറി തൈകളുമെല്ലാം വിറ്റഴിക്കപ്പെടുന്നുണ്ട്.20ഇനം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന മാമ്പഴകൗണ്ടറിൽ വൻതിരക്കാണ്. മുതലമടയിൽ നിന്നും ശേഖരിച്ച ജൈവമാമ്പഴങ്ങളായ നടശാല, പ്രിയൂർ, കൊളമ്പ്, മല്ലിക, മൾഗോവ, ശുഭദത്ത്, ഹിമപസന്ത്, മാമ്പഴങ്ങളിലെ കുഞ്ഞൻ എന്നറിയപ്പെടുന്ന ചന്ദ്രക്കാരൻ, അൽഫോൻസ,മൂവാണ്ടൻ, കാലാപ്പടി എന്നിങ്ങനെ നീളുന്നു മാമ്പഴങ്ങൾ.
ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ശിൽപ്പശാലകളിലൂടെ സംസ്‌ക്കരണമേഖലയ്ക്കാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്. മൃഗസംരക്ഷണമേഖല ലാഭകരമാക്കുന്നതിനെക്കുറിച്ച് മിൽമയുടെ മുൻജനറൽ മാനേജർ ഡോ. കെ. മുരളീധരൻ ക്ലാസ്സെടുത്തു. തുടർന്ന് നടന്ന തേനീച്ചക്കൃഷി പഠനക്ലാസ്സ് പ്രൊഫ. സാജൻ ജോസ് നയിച്ചു. കരിമണ്ണൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌ബൈജു വറവുങ്കൽ, കാഡ്സ് പിസിഎൽ ഡയറക്ടർ അലോഷി ജോസഫ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.
ഫെസ്റ്റ്നഗറിൽ ആരംഭിച്ച എഗ്ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് നിർവ്വഹിച്ചു. ഗോൾഡ് മർച്ചന്റ്സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മാത്യു കണ്ടിരിക്കൽ അദ്ധ്യക്ഷത വഹിച്ചു.
രാവിലെ 10 മണിമുതൽ രാത്രി 9 വരെയാണ് ഫെസ്റ്റിന്റെ പ്രദർശന സമയം. 10 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രദർശനം സൗജന്യമാണ്. ആദ്യസന്ദർശനത്തിന്‌ശേഷം തുടർന്നും വിത്തുകളും തൈകളും വാങ്ങേണ്ടവർവർക്ക് സൗജന്യ പർച്ചേയ്സ് കൂപ്പൺ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് കുട്ടികൾക്ക് പഴഞ്ചൊല്ല് മത്സരം നടക്കും. ഉച്ചകഴിഞ്ഞ് 3 ന് ഉൾനാടൻ മത്സ്യക്കൃഷിയെക്കുറിച്ചുള്ള പരിശീലനത്തിന് കേന്ദ്രഫിറഷീസ് ഇൻസ്റ്റിറ്റിയൂട്ടിലെ മുൻമേധാവി ഡോ. സി.എ. ലക്ഷ്മിനാരായണ നേതൃത്വം നൽകും.