അടിമാലി: വേനൽ മഴയെത്തിയിട്ടും കുടിവെള്ളക്ഷാമത്താൽ നട്ടംതിരിയുകയാണ് അടിമാലി മെഴുകുംചാൽ മേഖലയിലെ അമ്പതോളം കുടുംബങ്ങൾ. ഒരു കോടി രൂപയോളം മുതൽ മുടക്കി ജലനിധി പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ആവശ്യം നടക്കണമെങ്കിൽ വെള്ളം തലചുമടയായി എത്തിക്കേണ്ട സ്ഥിതിയാണ്. ജലനിധി പദ്ധതി നടപ്പാക്കിയതിലെ അപാകതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കുടുംബങ്ങളുടെ പരാതി. എത്ര ചുമന്ന് കൊണ്ടു വന്നാലും വെള്ളം ഒന്നിനും തികയാത്ത അവസ്ഥയാണുള്ളത്. കുടിവെള്ളമെത്തിക്കാനായി പ്രദേശത്ത് ജലനിധി പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും പദ്ധതി കമ്മിഷൻ ചെയ്യാൻ പോലും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. ഉപഭോക്തൃ വിഹിതമായി ഓരോ കുടുംബവും 5000 രൂപ നൽകിയിട്ടുണ്ട്. വെള്ളം ഇല്ലാതായതോടെ നിത്യവൃത്തിക്ക് കുടുംബങ്ങൾ വലിയ തുക നൽകി പുറത്ത് നിന്ന് ശുദ്ധജലമെത്തിക്കുകയാണ്. മെഴുകുംചാലിന് സമീപമുള്ള വനമേഖലയിൽ അമ്മാവൻകുത്തിന് സമീപം ടാങ്ക് നിർമ്മിച്ച് അവിടെ നിന്ന് വെള്ളം വിതരണം ചെയ്യാനായിരുന്നു ജലനിധി പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. പക്ഷേ, വെള്ളം തുറന്ന് വിട്ടതോടെ പൈപ്പുകൾ പലയിടത്തും പൊട്ടി ജലവിതരണം തടസപ്പെട്ടു. പൈപ്പുകൾ കൂട്ടി യോജിപ്പിക്കുന്നതിലെ അപാകതയാണ് പൊട്ടാൻ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥ മൂലം പുറത്ത് നിന്ന് വെള്ളമെത്തിക്കുന്നതിനും പരിമിതിയുണ്ട്. കഴിഞ്ഞ ദിവസം അടിമാലി പഞ്ചായത്ത് പ്രദേശത്ത് വെള്ളമെത്തിച്ച് കുടുംബങ്ങൾക്ക് വിതരണം നടത്തിയിരുന്നു. ജലനിധി പദ്ധതി കമ്മിഷൻ ചെയ്യാതെ ഇത്തരം നുറുങ്ങുവിദ്യകൾ കൊണ്ട് തങ്ങളുടെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകില്ലെന്നാണ് പ്രദേശത്തെ കുടുംബങ്ങൾക്ക് ഒന്നടങ്കം പറയാനുള്ളത്.