മറയൂർ: കടുത്തവേനലിലും കാട്ടുതീയിലും കത്തിയമർന്ന മറയൂർ മലനിരകളിൽ കർഷകർക്ക് ആശ്വാസമായി വേനൽമഴയെത്തിയതോടെ പച്ചപ്പും നീരുറവകളും ചെറിയതോതിൽ തിരികെ എത്തി. ഇതോടെ അഞ്ചുനാട്ടിലെ കർഷകൾ കൃഷിയിടങ്ങൾ ഒരുക്കുന്ന ജോലിയാരംഭിച്ചു. ശീതകാല വിളകളായ കാബേജ്, കാരറ്റ്, കോളിഫ്ളവർ, ബീറ്റ് റൂട്ട് എന്നിവ കൃഷി ചെയ്യുന്നതിനാണ് ശീതകാല പാടങ്ങൾ കിളച്ചു ഒരുക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന സംഘം പുലർച്ചെ ആറിന് തന്നെ കൃഷിയിടങ്ങളിൽ ഇറങ്ങി കിളച്ച് ഇളക്കിയശേഷം ഉച്ചയോടെ ഗ്രാമങ്ങളിലേ വീടുകളിലേക്ക് തിരികെ എത്തും. തട്ടുതട്ടായി തിരിച്ചുള്ള കൃഷിരീതിയായതിനാൽ ട്രാക്ടറും ടില്ലറും പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് കൃഷി സ്ഥലം തയ്യാറാക്കുന്നതിന് പരിമിതികൾ നിലവിലുള്ളതിനാൽ കന്നുകാലികളെ ഉപയോഗിച്ചാണ് നിലം ഒരുക്കുന്നത്. വട്ടവടയിലെ മുഴുവൻ പ്രദേശങ്ങളിലും കാന്തല്ലൂരിലെ പുത്തൂർ, പെരുമല, നാരാച്ചി, കീഴാന്തൂർ എന്നിവടങ്ങളിലുമാണ് തുടർച്ചയായി വേനൽ മഴ ലഭിച്ചത്. എന്നാൽ കാരയൂർ മാശി, കർശനാട്, മറയൂർ പ്രദേശങ്ങളിലും നേരിയതോതിൽ മാത്രമാണ് മഴലഭിച്ചത്. ഇനിയും മഴ ലഭിച്ചാൽ മാത്രമേ ഇവിടങ്ങളിൽ കാർഷിക ജോലികൾ ആരംഭിക്കാൻ കഴിയൂ.
ഹോർട്ടികോർപ്പ് നൽകാനുള്ളത് 20 ലക്ഷം
വേനൽ മഴയെ തുടർന്ന് കൃഷിപണികൾ ആരംഭിച്ചെങ്കിലും കർഷകർക്ക് വിള ഇറക്കാൻ ഇടനിലക്കാരെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കർഷകരിൽ നിന്ന് പച്ചക്കറി വാങ്ങിയ വകയിലും വാഹനത്തിന്റെ കൂലി ഇനത്തിലും 20 ലക്ഷത്തോളം രൂപയാണ് മാസങ്ങളായി കൂടിശിഖയുള്ളത്. സർക്കാർ ഏജസിയായ ഹോർട്ടികോർപ്പിന് കാന്തലൂരിൽ നിന്നും പച്ചക്കറി സംഭരിച്ച് നൽകുന്നത് ശീതകാല പച്ചക്കറി ഉത്പാദന വിപണന സംഘവും വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലുമാണ്. ഇതിൽ വി.എഫ്.പി.സി.കെയുടെ കേന്ദ്രത്തിന് 10 ലക്ഷം രൂപയും വിപണന സംഘത്തിന് എട്ട് ലക്ഷം രൂപയും നൽകാനുണ്ട്. ഏപ്രിൽ മാസത്തിന് മുമ്പായി കർഷകർക്ക് പണം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. ഈ മാസങ്ങളിൽ ബീൻസ് ഉൾപ്പെടയുള്ള വിത്തുകൾ വാങ്ങണമെങ്കിൽ ഇടനിലക്കാരെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കാന്തല്ലൂരിലെ ശീതകാലപച്ചക്കറി കർഷകർ. കൃഷിക്കായി ജോലിക്കാരെ വിളിച്ചാൽ കൂലി നൽകാൻ നിവൃത്തിയില്ല. അതിനാൽ ഭൂരിഭാഗംപേരും സ്വന്തമായിട്ടാണ് പാടങ്ങളിൽ പണിചെയ്യുന്നത്.