അടിമാലി:പ്രളയത്തിന് പിറകെ എത്തിയ കടുത്ത ചൂട് കൊക്കോ കർഷകർക്ക് വിനയാകുന്നു.വർഷക്കാലത്തേക്കുള്ള വിളവെടുപ്പിനായി കൊക്കോ മരങ്ങൾ പൂവിടാത്തതാണ് പ്രതിസന്ധിക്ക് കാരണം.ഹൈറേഞ്ചിലെ സാധാരണ കർഷകരുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നായിരുന്നു കൊക്കോ കൃഷി.എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി കൊക്കോ കർഷകർക്ക് ശുഭകരമായ സാഹചര്യമല്ല മലയോര മേഖലയിൽ നിലനിൽക്കുന്നത്.ജൂലായ് ആഗസ്റ്റ് മാസങ്ങളിൽ ഉണ്ടായ അതിവർഷത്തെ തുടർന്ന് കഴിഞ്ഞ വർഷം കൊക്കോയുടെ ഉത്പാദനത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിരുന്നു.പ്രളയത്തിന് പിന്നാലെയെത്തിയ കൊടും ചൂടും കൊക്കോ കർഷകർക്ക് വലിയ നിരാശ സമ്മാനിക്കുകയാണ്.കൊക്കോ കർഷകരെ സംബന്ധിച്ച് നിലവിൽ വേനൽക്കായുടെ വിളവെടുപ്പാണ് നടന്ന് വരുന്നത്.നിലവിൽ 60 രൂപയാണ് കൊക്കോക്കായുടെ വിപണി വില.അധിക ചൂട് മൂലം ജലാംശം നഷ്ടപ്പെട്ട് കൊക്കോയുടെ തൂക്കത്തിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.ഇതിനൊപ്പമാണ് വർഷക്കാലത്തേക്കുള്ള വിളവെടുപ്പിനായി പൂത്തിരിക്കുന്ന കൊക്കോ പൂക്കൾ കൊടും ചൂടിൽ കരിഞ്ഞ് പോകുന്നത്.അതി വർഷത്തെ തുടർന്ന് കൊക്കോ മരങ്ങൾക്ക് ഉണ്ടായ മരവിപ്പും തുടർന്നെത്തിയ അധിക ചൂടും മൂലം കൊക്കോ മരങ്ങൾ പൂവിടുന്നതിലും വലിയ കുറവ് സംഭവിച്ചിട്ടുണ്ട്.വിളവെടുപ്പിന്റെ തുടക്കത്തിൽ ലഭിച്ചിട്ടുള്ള ഉയർന്ന വില താഴേക്കു പോകുമെന്ന ആശങ്കയും കർഷകർ പങ്ക് വയ്ക്കുന്നുണ്ട്.