ഇടുക്കി: തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഫോനി ചുഴലിക്കാറ്റായി രൂപംകൊണ്ടതോടെ കനത്ത ജാഗ്രതയിൽ ജില്ല. ഇടുക്കിയടക്കം ഒമ്പത് ജില്ലകളിൽ കാറ്റോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കിയിൽ നേരത്തെ തന്നെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. പ്രളയത്തിന്റെ ആഘാതത്തിൽ ഇതുവരെയും പൂർണമായും മോചിതരാകാത്ത മലയോരജനതയ്ക്ക് മറ്റൊരു ദുരന്തം കൂടി താങ്ങാനാവില്ല. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളുള്ളതിനാൽ രാത്രി ഏഴിനും പകൽ ഏഴിനുമിടയിൽ ഹൈറേഞ്ചിലേക്കുള്ള യാത്ര ഒഴിവാക്കുക, മലവെള്ളപാച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടാകാനിടയുള്ളതിനാൽ റോഡുകളുടെ കുറുകെയുള്ള ചാലുകളുടെ അരികിൽ വാഹനങ്ങൾ നിറുത്താതിരിക്കുക, പുഴയോരങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും കഴിയുന്നവർ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുക എന്നിവയാണ് ദുരന്തനിവാരണ അതോറിട്ടി നിർദ്ദേശിച്ചിട്ടുണ്ട്. ഇടുക്കിക്ക് പുറമെ എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത ഉള്ളതായി നേരത്തെതന്നെ കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നൽകിയിരുന്നത്.
ഇടുക്കിൽ കഴിഞ്ഞ ഒരാഴ്ചയായി വേനൽ മഴ ലഭിക്കുന്നുണ്ട്. പലയിടങ്ങളിലും കനത്ത കാറ്റിലും ഇടിമിന്നലിലും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മിക്ക ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷമാണ് ഇടുക്കിയിൽ ശക്തമായ മഴ പെയ്യുന്നത്. രണ്ട് ദിവമായി മഴ മാറി നിന്ന തൊടുപുഴ മേഖലയിൽ ഇന്നലെ ഒന്നര മണിക്കൂർ നേരം അതി ശക്തമായ മഴ ലഭിച്ചു. ശക്തമായ ഇടിയുടെയും കാറ്റിന്റെയും അകമ്പടിയോടെയെത്തിയ മഴ പലയിടത്തും നാശം വിതച്ചിട്ടുണ്ട്. പലയിടത്തും കാറ്റിൽ മരങ്ങൾ കടപുഴകി. റോഡിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. മഴയിൽ പോയ വൈദ്യുതി പലയിടത്തും തിരികെയെത്തിയിട്ടില്ല. പെയ്തത് വേനൽമഴയാണോ ന്യൂനമർദ്ദമാണോ എന്ന ആശങ്കയിലാണ് ജനം. മഴ ശക്തമായി ഇനിയും പെയ്യുമോയെന്നും ഭീതിയുണ്ട്.
കൺട്രോൾ റൂം സജ്ജം
ജില്ലയിലെ അഞ്ച് താലൂക്കുകളിലും അടിയന്തര സാഹചര്യങ്ങൾ എന്തെങ്കിലും ഉണ്ടാകുകയാണെങ്കിൽ നേരിടുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തഹസീൽദാർമാരുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ആവശ്യമെങ്കിൽ കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ഫോൺ: 04862 233111, 04862 233130, 9383463036, 9061566111.