tree
ദേശിയപാത 183ൽ വണ്ടിപ്പെരിയാറിന് സമീപം പൂത്ത് നിൽക്കുന്ന വാകമരം

വണ്ടിപ്പെരിയാർ: ഇടുക്കിയുടെ ഉയരങ്ങൾ തേടിയെത്തുന്ന വിനോദ സഞ്ചാരികളുടെ മനം കവർന്ന് ഹൈറേഞ്ചിന്റെ മലയിടുക്കുകളിൽ സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി ഗുൽമോഹർ മരങ്ങൾ. വാകമരം എന്നാണ് ഗുൽമോഹർ മരങ്ങളുടെ ഹൈറേഞ്ചിലെ വിളിപ്പേര്. ജൂൺ ആദ്യം മഴക്കാലമെത്തുന്നതോടെ ഇനി അടുത്ത വസന്തത്തിന് മടങ്ങി വരാം എന്ന കുറിമാനവും എഴുതി അവസാനത്തെ പൂവും പൊഴിച്ച് വേനലിന്റെ കൈപിടിച്ച് പടിയിറങ്ങുകയാണ് ഗുൽമോഹർ വൃക്ഷങ്ങളുടെ പതിവ്. മരങ്ങൾ പൂത്ത് നിൽക്കുന്ന ദൃശ്യം ഏവരുടെയും കണ്ണിന് കുളിർമയേകുന്നതാണ്. പെരിയാറിന്റെ തീരത്തും തേയില തോട്ടങ്ങളുടെ നടുവിലും പാതയോരത്തും വാകമരങ്ങൾ പൂത്ത് നിൽക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്. ഇടുക്കിയുടെ ഉയരങ്ങൾ തേടിയെത്തുന്ന വിനോദ സഞ്ചാരികളെയാണ് വാകമരം കൂടുതൽ ആകർഷിക്കുന്നത്. ദേശിയ പാതയിലൂടെ കടന്നുപോകുന്ന സഞ്ചാരികളിൽ വാകമരത്തിന്റെ ദൃശ്യം പകർത്താതെ പോകുന്നവർ വളരെ ചുരുക്കമാണ്. സിഡാൻ പിനിയേഴ്സ് എന്ന സസ്യ കുടുംബത്തിൽപ്പെട്ട ഗുൽമോഹറിന്റെ ശാസ്ത്രീയ നാമം ഡിലോണിക്സ് റിജിയറാഫ് എന്നാണ്. ഒരു നൂറ്റാണ്ട് മുമ്പാണ് പ്രണയത്തിന്റെ ചുവപ്പൻ വസന്തമായി ഗുൽമോഹർ വിദേശത്ത് നിന്ന് കേരളത്തിലെത്തുന്നത്. കൊതുക് ശല്യത്തിന് പരിഹാരമായാണ് ബ്രിട്ടീഷുകാർ കേരളത്തിലേക്ക് ഗുൽമോഹർ കൊണ്ടുവന്നതെന്നാണ് പഴമക്കാർ പറയുന്നത്. പൂത്തുലഞ്ഞ മരത്തിൽ നിന്നുള്ള ദ്രാവകം കൊതുകിന് ഭീഷണിയാണത്രേ. ചുവപ്പ്, വയലറ്റ്, മഞ്ഞ തുടങ്ങി പ്രധാനമായും മൂന്നു തരം ഗുൽമോഹർ മരങ്ങളാണുള്ളത്. ഏപ്രിൽ ഒടുവിലും മേയ് ആദ്യവുമായാണ് ഇവ പൂക്കുക. കടുത്ത വേനലിൽ പൂർണമായി ഇലകൊഴിച്ച് നിൽക്കുന്ന ഈ മരം പുതുമഴയെത്തുന്നതോടെ പുഷ്പിച്ച് തളിർക്കുകയാണ് പതിവ്. പൂക്കാലമായാൽ മരച്ചില്ലകളിൽ ഇലകൾ പോലും കാണാത്ത വിധം പൂർണമായി ഇവ പൂത്തുലയും.