രാജാക്കാട്: സൂര്യനെല്ലിയിൽ റവന്യൂ ഭൂമി കൈയേറി ഭൂരഹിതരായ തൊഴിലാളികൾ നടത്തുന്ന സമരം എട്ടാം ദിവസത്തിലേയ്ക്ക് പ്രവേശിച്ച ഇന്നലെ 'ഗൃഹപ്രവേനത്തെ' അനുസ്മരിപ്പിക്കും വിധം കുടിലിൽ പാലുകാച്ചൽ നടത്തി. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ജി.എൻ. ഗുരുനാഥൻ സമരഭൂമിയിലെത്തി പിന്തുണ അറിയിച്ചു. പുതിയ വീട്ടിൽ താമസമുറപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ ഭാഗമായി രാവിലെ തന്നെ സ്ത്രീകൾ ചേർന്ന് ഒരു ഷെഡ് വൃത്തിയാക്കി അടുപ്പ് സ്ഥാപിച്ചു. തുടർന്ന് ലളിതമായ പൂജകളോടെ തീ പിടിപ്പിച്ച് പാത്രത്തിൽ പാൽ തിളപ്പിച്ച് എല്ലാവർക്കും നൽകി. ശുഭസൂചകമായി കുരവയിടുകയും ചെയ്തു. കുടിലുകളിൽ സ്ഥിരതാമസം ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ചടങ്ങ് നടത്തിയതെന്ന് സമരക്കാർ പറഞ്ഞു. 21നാണ് ചിന്നക്കനാൽ പഞ്ചായത്തിലെ വിവിധ തോട്ടങ്ങളിൽ ജോലിചെയ്യുന്ന ഭൂരഹിതരായ നൂറോളം തൊഴിലാളി കുടുംബങ്ങൾ ടൗണിന് സമീപം ബി.എൽ റാവ് റോഡിലെ രണ്ടേമുക്കാൽ ഏക്കറോളം റവന്യൂ ഭൂമി കൈയേറി ഷെഡുകൾ നിർമ്മിച്ചത്. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത തങ്ങൾ ജോലിയിൽ നിന്ന് പിരിഞ്ഞാൽ ഇപ്പോഴത്തെ ലയങ്ങൾ ഒഴിഞ്ഞുകൊടുത്ത് അനാഥരെപ്പോലെ തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വരുമെന്ന് ഇവർ പറയുന്നു.