വാഗമൺ: കോലാഹലമേട് തങ്ങൾപാറയിൽ ശൈഖ് ഫരീദുദ്ദീൻ മഖാം ആണ്ടുനേർച്ചയ്ക്കായി ആയിരക്കണക്കിനു വിശ്വാസികളെത്തി. തങ്ങൾപാറയിൽ മഹാ മനീഷീ ശൈഖ് ഫരിദുദ്ധീൻ വലിയുല്ലാഹിയുടെ കബറിടത്തിങ്കലാണ് എല്ലാ വർഷവും ആണ്ടുനേർച്ച നടക്കുന്നത്. വിശ്വാസികൾക്കായി കോലാഹല മേട്ടിൽ അന്നദാനവും ഒരുക്കിയിരുന്നു. ഏന്തയാർ ബദരിയ്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് പി.വൈ. അബ്ദുൾ ലത്തീഫ് കൊടി ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. അതിർ വരമ്പുകൾ ഭേദിക്കപ്പെട്ട് സർവ്വ മതസ്ഥരും ഒരുപോലെ ആണ്ടുനേർച്ചയിൽ പങ്കാളികളായി. കോലാഹലമേട്ടിൽ നിന്ന് കാൽനടയായി വിശ്വാസികൾ തങ്ങൽപാറ മഖാമിലെത്തി പ്രാർത്ഥനകളും പ്രത്യേകം നേർച്ചകളും നടത്തി. ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ സാംസ്‌കാരിക സമ്മേളനത്തിൽ ഇ.എസ് ബിജിമോൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരിക സമ്മേളനത്തിൽ പി.വൈ. അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.