മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ ചിന്നാർ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന ആദിവാസി ഗ്രാമമായ പൊങ്ങമ്പള്ളിയിലും കാർഷിക മേഖലയായ ഇടക്കടവിലും കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ഇടക്കടവ് സ്വദേശി വിജയകുമാറിന്റെ ഏത്തവാഴത്തോട്ടമാണ് കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ഇറങ്ങിയ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പിക്കാൻ സ്ഥാപിച്ച സൗരോർജ്ജ വേലി തകർത്താണ് കാട്ടാന വാഴതോട്ടത്തിനുള്ളിൽ കടന്നത്. ആയിരം കുലച്ച വാഴകളാണ് ഈ തോട്ടത്തിലുള്ളത്. ഇതിന് സമീപത്തായി പൊങ്ങംപള്ളി ആദിവാസി കോളനിയിലെ സ്ത്രീകൾ കൃഷി ചെയ്തിരുന്ന ചോളകൃഷി കാട്ടാന പമ്പാർ നദി നീന്തികടന്നെത്തി നശിപ്പിച്ചു. വിളവെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. ചോളകൃഷിക്ക് ചുറ്റും സൗരോർജ്ജ വേലികൾ ഉണ്ടെങ്കിലും കാട്ടാന ഇത് തകർത്താണ് കയറിയത്. കാട്ടാന കയറിയ വിവരം മനസിലാക്കിയ ആദിവാസികൾ അധികം വൈകാതെ തന്നെ കാട്ടാനകളെ തുരത്തിയതിനാൽ വലിയ നാശനഷ്ടം ഉണ്ടായില്ല. കടുത്ത വേനലിൽ വളരെ പ്രയാസപ്പെട്ടാണ് ആറ്റിൽ നിന്ന് വെള്ളം എത്തിച്ച് ഈ ഭാഗങ്ങളിൽ വാഴ, ചോളം, കവുങ്ങ് ഉൾപ്പെടയുള്ള കൃഷികൾ ചെയ്യുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി തോട്ടങ്ങളിൽ പരിശോധിച്ച് അർഹമായ നഷ്ട പരിഹാരം നൽകാമെന്ന് അറിയിച്ചതായി കർഷകർ പറയുന്നു.