രാജാക്കാട്: ബോഡിമെട്ട് എക്‌സൈസ് ചെക്പോസ്റ്റിൽ കേരളത്തിലേയ്ക്ക് കടത്താൻ ശ്രമിച്ച 1.9 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ബൈസൺവാലി ഇരുപതേക്കർ മുതുപ്ലാക്കൽ എം.എം. അമലാണ് (21) പരിശോധനയ്ക്കിടെ എക്‌സൈസ് ഇൻസ്‌പെക്ടർ കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതിനിടെ തമിഴ്നാട് ഭാഗത്ത് നിന്ന് നടന്നെത്തിയ പ്രതിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കിട്ടിയത്. തമിഴ്നാട്ടിലെ ബോഡിയിൽ നിന്ന് സ്വന്തം ആവശ്യത്തിനായി വാങ്ങിയതാണെന്നാണ് മൊഴി നൽകിയിരിക്കുന്നത്. പക്ഷേ, ഉദ്യോഗസ്ഥർ ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇയാളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.