അടിമാലി: അടിയന്തര ചികിത്സയ്ക്കായി കുറത്തിക്കുടിയിൽ നിന്ന് രോഗിയുമായി അടിമാലി താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്ന ജീപ്പ് അടിമാലി ഈസ്റ്റേൺ കമ്പനിക്ക് സമീപം കൊടുംവളവിൽ ദേശിയപാതയിൽ തലകീഴായി മറിഞ്ഞ് സ്ത്രീയുൾപ്പെടെ മൂന്ന് പേർക്ക്. വാഹനത്തിലുണ്ടായിരുന്ന മോളി ചെല്ലപ്പൻ (38), അപ്പൂസ് (23), വാഹനമോടിച്ചിരുന്ന അനീഷ് (19) എന്നിവർക്കാണ് പരിക്കേറ്റത്. അപകടം നടക്കുമ്പോൾ ജീപ്പിനുള്ളിൽ ഒമ്പത് പേരായിരുന്നു ഉണ്ടായിരുന്നത്. ഉടൻതന്നെ സമീപവാസികൾ വാഹനത്തിലുണ്ടായിരുന്നവരെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഹൃദ്രോഗിയായ ചിന്നമ്മ രാജുവെന്ന വീട്ടമ്മയെ അടിമാലി താലൂക്കാശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടയിലായിരുന്നു അപകടം. പെട്ടെന്ന് ആശുപത്രിയിലെത്തുന്നതിനായി അമിത വേഗതയിൽ ജീപ്പ് ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു. ചിന്നമ്മയെ ഇന്നലെ രാവിലെ മാങ്കുളത്തെ സ്വകാര്യ ഡിസ്‌പെൻസറിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യ സ്ഥിതി മോശമായതോടെ താലൂക്കാശുപത്രിയിലേക്ക് മാറ്റാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചു. വേഗത്തിൽ അടിമാലിയിലെത്താൻ പീച്ചാട് നിന്ന് പ്ലാമല, കുരങ്ങാട്ടി, മച്ചിപ്ലാവ് വഴി വരുന്നതിനിടയിലായിരുന്നു അപകടം. വളവ് തിരിയുന്നതിനിടയിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി റോഡിൽ തന്നെ തലകീഴായി മറിഞ്ഞു. അപകടത്തിൽ ജീപ്പിന്റെ മുകൾഭാഗം പൂർണമായി തകർന്നു.