arrest-prathikal
കാട്ടുപോത്തിനെ വനത്തിനുള്ളിൽ വെടിവെച്ച കേസിൽ പിടിയിലായ പ്രതികൾ

പീരുമേട്: കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചിയാക്കി വിൽപ്പന നടത്തിയ അഞ്ചംഗ സംഘത്തെ വനപാലകർ പിടികൂടി. കണയങ്കവയൽ നെല്ലിമലയിൽ വീട്ടിൽ സജി ജോസഫ് (40), പന്തമാക്കൽ സിജോ ഫിലിപ്പ് (38), കൊയ്നാട് മധുരങ്കപ്പള്ളിയിൽ മാർട്ടിൻ(50), ആദിവാസി മലപണ്ടാര വിഭാഗത്തിൽപ്പെട്ട കരുമാടി എന്ന് വിളിക്കുന്ന രതീഷ്, ചന്ദ്രൻ എന്നിവരെയാണ് അഴുത, പമ്പ റേഞ്ച് ഓഫീസർമാരുടെ സംയുക്ത പരിശോധനയിൽ പിടികൂടിയത്. ഇവരിൽ നിന്നും രണ്ട് തോക്കുകളും കാട്ടുപോത്തിന്റെ ഇറച്ചി കൊണ്ടുപോകാൻ ഉപയോഗിച്ച ഒരു ജീപ്പും പിടിച്ചെടുത്തു. കഴിഞ്ഞ 19 നാണ് കേസിനാസ്പദമായ സംഭവം. പെരിയാർ കടുവാ സങ്കേതത്തിന്റെ അഴുത റേഞ്ചിൽ ഉൾപ്പെട്ട സത്രം സീത കുളത്തിന് സമീപത്തു നിന്ന് കാട്ടുപോത്തിന്റെ തലയും ശരീര അവശിഷ്ടങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. വന്യമൃഗ ആക്രമണമാണെന്നായിരുന്നു വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. ഈസ്റ്റർ ദിനത്തിൽ നായാട്ട് സംഘങ്ങൾ വനമേഖലയിൽ എത്തിയിരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെ കാമറ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നായാട്ട് സംഘങ്ങളെ കുറിച്ചും പ്രതികളെപറ്റിയും വിവരം ലഭിച്ചത്. പിടിയിലായ ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് നായാട്ട് സംഘത്തിന് വനത്തിനുള്ളിലേക്ക് വഴി കാട്ടി നൽകിയത്. കാട്ടുപോത്തിനെ വെടിവെച്ചിട്ട ശേഷം പ്രതികൾ സ്ഥലത്ത് വെച്ചു തന്നെ ഇറച്ചിയാക്കി ജീപ്പിൽ കയറ്റി കൊണ്ടുപോയതായാണ് പിടിയിലായവർ നൽകിയ മൊഴിയിൽ പറയുന്നത്. ചോദ്യം ചെയ്യലിൽ പ്രതികൾ കള്ളിപ്പാറ വനമേഖലയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് കാട്ടുപോത്തിനെ വെടിവെച്ച് കടത്തിയതായും മൊഴി നൽകി. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടുള്ളതിനാൽ വനം വകുപ്പ് അന്വേഷണം ഊർജിതമാക്കി. കാട്ടുപോത്തിന്റെ ഇറച്ചി 1500 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നതെന്നാണ് പ്രതികൾ പറയുന്നത്. അഴുത റേഞ്ച് ഓഫീസർ പ്രിയ ടി. ജോസഫ്, പമ്പ റേഞ്ച് ഓഫിസർ എം. അജീഷ്, വനം വകുപ്പ് ഉദ്യോഗസ്ഥരായ എ.കെ രാജു, ജോസഫ് കുരുവിള, കെ.ആർ രാജേഷ്, ബിനീഷ് കെ.ആർ, ഗിരീഷ്, വിനു , തിലകകുമാർ, ഉദയകുമാർ, ഡോഗ് സ്‌ക്വാഡ് ശേഖർ കെ.അർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.