janal-glass
മിഷ്യൻ വയലിൽ സംഘർഷത്തെ തുടർന്ന് സൂര്യന്റെയും കറുപ്പയ്യയുടെയും വീടുകളുടെ ചില്ല് തകർത്തിരിക്കുന്നു

മറയൂർ: അടയ്ക്ക മോഷണത്തെക്കുറിച്ച് പരാതി നൽകിയ കർഷകരുടെ വീടുകളുടെ ജനൽ ചില്ലുകൾ ഒരു സംഘം അടിച്ചു തകർത്തു. മിഷ്യൻ വയലിലെ കവുങ്ങിൻ തോട്ടങ്ങളിൽ നിന്ന് അടയ്ക്ക മോഷണം പതിവായിരുന്നു. പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെ സ്ഥിരം കേസുകളിൽ പ്രതികളായ യുവാക്കൾക്കെതിരെ മറയൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് സംഘം മദ്യപിച്ചെത്തി വീടുകൾക്ക് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലകൾ തകർക്കുകയായിരുന്നു. മിഷ്യൻ വയൽ സ്വദേശി സൂര്യന്റെയും ബന്ധുവായ കറുപ്പയ്യയുടെയും വീടുകളുടെ ജനൽ ചില്ലകളാണ് തകർത്തത്. സൂര്യന്റെ മകൾ രേണുകയുടെ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ഉറങ്ങിക്കിടന്ന മുറിയിലേക്കാണ് കല്ലേറിൽ തകർന്ന ജനൽ ചില്ലകൾ വന്നുവീണത്. രാത്രി ഒമ്പത് മണിയോടെ സ്ത്രീകൾ മാത്രമുള്ള സമയത്താണ് ആക്രമണം നടത്തിയത്. ഇരു വീട്ടുകാരും സംശയമുള്ള എട്ടുപേർക്കെതിരെ പരാതി നൽകി. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. മറയൂർ ഇൻസ്‌പെക്ടർ ഒഫ് പൊലീസ് വി.ആർ. ജഗദീഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.