അടിമാലി: കസ്തൂരിരംഗൻ വിഷയം ചില രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടിയുള്ള പ്രചാരണം മാത്രമായിരുന്നെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അടിമാലി യൂണിയന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ശ്രീനാരായണ ധർമ്മ വിചാരയജ്ഞത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈറേഞ്ചിൽ നിന്ന് കർഷകരെ കുടിയിറക്കാൻ പോകുന്നെന്ന് പ്രചരിപ്പിച്ച് ജനവികാരം ഇളക്കിവിട്ട് ചില സാമുദായിക ശക്തികളും സംഘടനകളും രാഷ്ട്രീയപാർട്ടികളും അധികാരത്തിലെത്തുകയായിരുന്നു. വീണ്ടുവിചാരവും തിരിച്ചറിവുമില്ലാതെ ആളുകൾ പ്രകടനങ്ങൾക്കും പ്രതിഷേധത്തിനുമിറങ്ങി. ഇപ്പോൾ കസ്തൂരി രംഗൻ റിപ്പോർട്ടുമില്ല സമരവുമില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതിനെക്കുറിച്ച് കേട്ടതുപോലുമില്ല. മുല്ലപ്പെരിയാർ പൊട്ടാൻ പോകുന്നെന്ന പ്രചരണത്തിന് പിന്നിലും വോട്ട്ബാങ്ക് രാഷ്ട്രീയമായിരുന്നു. കിടന്നാൽ ഉറക്കം വരാത്ത ചില രാഷ്ട്രീയ നേതാക്കളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോൾ ഇക്കൂട്ടരെ കാണാനില്ല. സംഘടിത വോട്ട് ബാങ്കിന് വേണ്ടി രാഷ്ട്രീയ പാർട്ടികൾ ഓശാന പാടുകയാണ്. ഒന്നായി നിന്ന് നന്നാവാനുള്ള ശ്രമമാണ് ഈഴവ ജനത നടത്തേണ്ടത്. ശബരിമല വിഷയത്തിൽ ഭക്തരോടൊപ്പമാണെന്ന് താൻ മുന്നേ പ്രഖ്യാപിച്ചതാണ്. എന്നിട്ടും ക്രൂശിക്കപ്പെട്ടു. ഇതിന്റെ പേരിൽ സമരത്തിനിറങ്ങിയവർ സുപ്രീംകോടതിയുടെ അവസാന വിധി വരുമ്പോൾ അംഗീകരിച്ച് ശബരിമലയിൽ ശാന്തിയും സമാധാനവും ഉറപ്പുവരുത്താൻ തയ്യാറാകുമോ. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകളിൽ നിന്ന് മുന്നോക്കക്കാർ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടും. പാവപ്പെട്ട പിന്നാക്കക്കാരായ ഈഴവർ ജയിലിലുമാകും. ഇക്കാരണത്താലാണ് മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ ഈഴവ സമുദായ അംഗങ്ങൾ തെരുവിലിറങ്ങേണ്ടെന്ന് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അടിമാലി യൂണിയൻ പ്രസിഡന്റ് അനിൽ തറനിലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡംഗം രഞ്ജിത്ത് കാവളായിൽ, യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, ശ്രീമദ് ധർമ്മ ചൈതന്യ സ്വാമി എന്നിവർ സംസാരിച്ചു. ഇതോടെ മൂന്ന് ദിവസമായി എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയനു കീഴിൽ ശ്രീശാന്തനന്ദഗിരി നഗറിൽ നടന്നു വന്നിരുന്ന മൂന്നാമത് ശ്രീനാരായണ ധർമ്മ വിചാരയജ്ഞത്തിന് ഇന്നലെ വൈകിട്ട് സമാപനമായി.