രാജാക്കാട്: ജില്ലയിലെ പ്രമുഖ ട്രെക്കിംഗ് പോയിന്റുകളിൽ ഒന്നായ പൊന്മുടി തൂക്കുപാലത്തിൽ സന്ദർശകരുടെ തിരക്കേറുന്നു. വിനോദ സഞ്ചാരികളുടെയും സിനിമാ ആൽബം ചിത്രീകരണ സംഘങ്ങളുടെയും ഇഷ്ട കേന്ദ്രമായ തൂക്കുപാലം പൊന്മുടി- രാജാക്കാട് റോഡിൽ അണക്കെട്ടിന് താഴ്ഭാഗത്താണ്. 1950 കളിൽ ഡാമിന്റെ നിർമ്മാണത്തോടനുബന്ധിച്ചാണ് ഇത് പണികഴിപ്പിച്ചത്. ആൾത്തിരക്കില്ലാത്ത മലയടിവാരത്ത് പുഴയിൽ നിന്ന് നൂറടിയോളം ഉയരത്തിൽ ഇരു കരകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള രണ്ട് കൂറ്റൻ ഉരുക്ക് വടങ്ങളിൽ തൂങ്ങിക്കിടക്കുന്ന പാലം വാഹനങ്ങൾ കയറുമ്പോൾ തിരമാല പോലെ ഉയർന്ന് താഴുകയും ആടി ഉലകയുകയും ചെയ്യുന്നതാണ് മുഖ്യആകർഷണം. മൂടൽമഞ്ഞു പുതച്ച മൂന്നാർ മലനിരകളുടെയും താഴ്‌വാരങ്ങളുടെയും വിദൂര ദൃശ്യവും ഇവിടെനിന്നാൽ ലഭിക്കും. ട്രെക്കിംഗ് സംഘങ്ങൾ ഉൾപ്പെടെ സ്വദേശികളും വിദേശികളുമായ നൂറുകണക്കിനു പേരാണ് ദിവസവും ഈ കേന്ദ്രം സന്ദർശിക്കുന്നത്.അവധിക്കാലം ആഘോഷമാക്കാൻ എത്തുവർക്ക് ദൃശ്യവിരുന്നും ഒപ്പം സാഹസികതയുടെ ത്രില്ലും തൂക്കുപാലം സമ്മാനിക്കുന്നുണ്ട്.