joseph
ജോസഫ് തന്റെ വീടിന് മുന്നിൽ

അടിമാലി: രണ്ട് മാസം മുമ്പ് വെള്ളത്തൂവൽ സ്വദേശി തണ്ണിക്കോട്ട് ജോസഫിന്റെ വീടിന്റെ ചുമരിൽ ഒരു പരസ്യ ബോർഡുണ്ടായിരുന്നു. 'പ്രളയ ദുരിതാശ്വാസം ലഭിക്കാൻ കൈക്കൂലി നൽകാനുള്ള പണത്തിനായി വൃക്ക വിൽപ്പനയ്ക്ക്" എന്നായിരുന്നു ആ ബോർഡിലെ വാചകം. ജോസഫ് ആ പരസ്യം പെയിന്റടിച്ച് മായ്ച്ച് കളഞ്ഞു. തന്റെ പ്രതിഷേധത്തിന്റെ ഫലമായി മാസങ്ങളായി തുടരുന്ന ദുരിതത്തിന് പരിസമാപ്തിയായതായതിന്റെ സംതൃപ്തിയിലാണ് അദ്ദേഹം. പ്രളയം തകർത്ത വീടിന്റെ പുനർനിർമ്മാണത്തിന് സർക്കാർ ധനസഹായം ലഭിച്ചു. പെയിന്റിംഗ് കൂടി പൂർത്തിയായാൽ പ്രളയം തകർത്ത വീട് വീണ്ടും പഴയ രൂപത്തിലാകും. കഴിഞ്ഞ ഫെബ്രുവരി പതിനാറിനായിരുന്നു വയോധികനായ ജോസഫ് ചേട്ടൻ തന്റെ വീടിന് ചുമരിൽ വൃക്ക വിൽപ്പനയ്ക്കെന്ന പരസ്യബോർഡ് സ്ഥാപിച്ചത്. സംഭവം മാധ്യമങ്ങളും സോഷഹൽമീഡിയായും ഏറ്റെടുത്തതോടെ പ്രളയാനന്തര ദുരിതം നേരിടുന്ന മലയോര മേഖലയിലെ കർഷക പ്രതീകമായി ജോസഫ് ചേട്ടൻ മാറി. സംഭവത്തിൽ കൃഷി മന്ത്രിയും മന്ത്രിയുടെ നിർദ്ദേശ പ്രകാരം ജില്ലാ കളക്ടറും ഇടപ്പെട്ടു. അന്നത്തെ കളക്ടറായിരുന്ന കെ. ജീവൻ ബാബു ജോസഫിന്റെ വീട്ടിൽ നേരിട്ടെത്തി സംസാരിച്ചു. അടിയന്തരമായി സർക്കാരും മറ്റ് സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിച്ചതോടെ ജോസഫിന് ധനസഹായമായി രണ്ടരലക്ഷം രൂപ ലഭിച്ചു. മണ്ണ് വന്ന് മൂടിയിരുന്ന മുറ്റത്തെ കിണർ ഇസാഫ് പ്രവർത്തകരുടെ സഹായത്തോടെ പുനർനിർമ്മിച്ചു കഴിഞ്ഞു. വീടിന് മുകളിലേക്ക് വന്ന് വീണ മണ്ണ് നീക്കം ചെയ്ത വകയിൽ ഉണ്ടായ മുക്കാൽ ലക്ഷം രൂപയുടെ കടം കൊടുത്തു തീർത്തു. വീടിന് മുൻവശം ഷീറ്റിടുകയും തകർന്ന ഭിത്തികൾ പുനർ നിർമ്മിച്ച് വീട് ബലപ്പെടുത്തുകയും ചെയ്തു. ചെറിയ ജോലികൾ ഒഴിച്ചാൽ നിർമ്മാണം ഏകദേശം പൂർത്തീകരിച്ചതായി ജോസഫ് പറഞ്ഞു. ജോസഫും ഭാര്യ ആലീസും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. പ്രളയം വരുത്തിയ ദുരിതം തന്നെ പോലെ നിരവധിയാളുകൾക്ക് ക്ലേശം സമ്മാനിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും ദുരിതമകറ്റാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നുമാണ് ജോസഫിന്റെ ആവശ്യം.