ചെറുതോണി: കാലവർഷം എത്താൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ കരാറുകാരുടെ അനാസ്ഥ മൂലം റോഡ് നിർമ്മാണം വൈകുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി എഗ്രിമെന്റ് വച്ചിട്ടുള്ള പ്രവർത്തികൾ ആരംഭിക്കുന്നതിന് ഒരു തടസവുമില്ലെന്നിരിക്കെ കരാറുകാർ അനാവശ്യ കാലതാമസം സൃഷ്ടിക്കുന്നത്.ഇനി നിർമ്മാണം നടത്താൻ കഴിയുന്നത് കേവലം ഒരു മാസം മാത്രമാണ്. ഒരു മാസം നീട്ടിക്കൊണ്ട് പോയശേഷം മഴക്കാലത്തിന്റെ പേര് പറഞ്ഞ് നിർമ്മാണത്തിന് മനപ്പൂർവം കാലതാമസം സൃഷ്ടിക്കാനാണ് കരാറുകാർ ശ്രമിക്കുന്നത്. ചെറുതോണി- പാറമട റോഡിന് സംസ്ഥാന സർക്കാർ 21 കോടി രൂപ അനുവദിച്ച് കരാർ നടപടികൾ പൂർത്തിയായതാണ്. കുഴി അടച്ചതല്ലാതെ ഇതുവരെയും നിർമ്മാണം ആരംഭിച്ചിട്ടില്ല. ചെറുതോണി മുതൽ പാറമട വരെ 21 കിലോമീറ്റർ ബി.എം.ബി.സി ടാറിംഗാണ് പൂർത്തിയാക്കേണ്ടത്. തടിയമ്പാട് വിമലഗിരി ശാന്തിഗ്രാം റോഡിന്റെയും നിർമ്മാണം ആരംഭിച്ചിട്ടില്ല. ആറ് കോടി രൂപയാണ് ബി.എം.ബി.സി ടാറിംഗിന് അനുവദിച്ചിട്ടുള്ളത്. തടിയമ്പാട് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും റോഡ് നിർമ്മാണം ഇനിയും വൈകുകയാണ്. കരിമ്പൻ മുരിക്കാശേരി തോപ്രാംകുടി റോഡിന് 11 കോടി രൂപയുടെ ടെൻഡർ പൂർത്തിയായെങ്കിലും നിർമ്മാണം ആരംഭിച്ചിട്ടില്ല. ഇരട്ടയാർ, നത്തുകല്ല്, കട്ടപ്പന റോഡും കട്ടപ്പന പുളിയന്മല റോഡും കരാർ എടുത്തിട്ട് ഒന്നര മാസം കഴിഞ്ഞെങ്കിലും ഇതുവരെയും നിർമ്മാണം ആരംഭിച്ചിട്ടില്ല. ചേലച്ചുവട് പെരിയാർവാലി റോഡിന്റെയും ഇടിഞ്ഞുപോയ ഭാഗത്തിന്റെയും നിർമ്മാണം ആരംഭിച്ചിട്ടില്ല. കല്ലാർകുട്ടി കമ്പിളിക്കണ്ടം റോഡ് ആറ് കോടിയുടെ ബിഎംബിസി ടാറിംങ്ങിന് ടെൻഡർ കഴിഞ്ഞെങ്കിലും നിർമ്മാണം ആരംഭിച്ചിട്ടില്ല. ദേശീയപാത വിഭാഗം നിർമ്മിക്കുന്ന സി.ആർ.എഫ് റോഡുകളിലും കാലതാമസം ഉണ്ടാകുന്നു. കമ്പിളിക്കണ്ടം തിങ്കൾക്കാട് റോഡ് മഴയ്ക്കു മുമ്പ് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കല്ലാർകുട്ടി വെള്ളത്തൂവൽ ആനച്ചാൽ റോഡും കുഞ്ചിത്തണ്ണി ഏൽക്കുന്ന് ആനച്ചാൽ റോഡും നിർമ്മാണം ആരംഭിച്ചിട്ടില്ല. ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും ഇക്കാര്യത്തിലും ഗുരുതരമായ വീഴ്ച്ചയാണ് വരുത്തുന്നത്. മേയ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയായില്ലെങ്കിൽ കാലവർഷത്തിന്റെ പേരിൽ പിന്നെയും നിർമ്മാണം വൈകും. നേര്യമംഗലം അടിമാലി റോഡും, ഇരുട്ടുകാനം മൂന്നാർ ഭാഗവും നിർമ്മാണം വൈകുകയാണ്. ഇടുക്കി തങ്കമണി ശാന്തിഗ്രാം സിആർഎഫ് റോഡും, അടിമാലി കുമിളി ദേശീയപാതയുടെ ഭാഗമായ കാൽവരിമൗണ്ട് മുതൽ കീരിത്തോട് വരെയുള്ള ഭാഗവും നിർമ്മാണം പുരോഗമിക്കുന്നത് മന്ദഗതിയിലാണ്.