ചെറുതോണി: തൊടുപുഴയിൽ നിന്ന് 7.15നും 7.45നും ചീനീക്കുഴി ഉപ്പുകുന്നുവഴി ചെറുതോണിയിലേയ്ക്ക് പോയിരുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിലൊന്ന് മുന്നറിയിപ്പില്ലാതെ സർവീസ് നിറുത്തിയതായി ആക്ഷേപം. ഇടുക്കിയിലേയ്ക്കുള്ള സർക്കാർ ജീവനക്കാർക്കും സ്‌കൂൾ കുട്ടികൾക്കും നാട്ടുകാർക്കും ഈ സർവീസ് ഏറെ പ്രയോജനകരമായിരുന്നു. എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു ബസ് നിർത്തലാക്കി. ഇന്നലെ മുതൽ ഈ റൂട്ടിലൂടെ 7.30ന് ഒരു ബസ് മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഒരു പഴയ ബസാണ് ഇതുവഴി സർവീസ് നടത്തുന്നതിന് അനുവദിച്ചിരിക്കുന്നത്. കയറ്റവും വളവും ഉള്ള ഏറ്റവും അപകടകരമായ റൂട്ടിലൂടെ പഴയ ബസ് വളരെ ബുദ്ധിമുട്ടിയാണ് ഓടിക്കുന്നത്. പലപ്പോഴും കയറ്റം കയറാതെ വലിമുട്ടുന്നതിനാൽ യാത്രക്കാരെ ഇറക്കി തള്ളിക്കുകയോ കയറുകെട്ടി വലിക്കുകയോ ആണ് പതിവ്. ഇപ്പോൾ ഒരു ബസ്‌ നിറുത്തിയതോടെ യാത്രക്കാരുടെ എണ്ണം കൂടുകയും ചെയ്തു. ഇപ്പോഴും ഒരു പഴയ ബസാണ് ഓടിക്കുന്നത്.