രാജാക്കാട്: അർച്ചനപ്പടിയ്ക്ക് സമീപം തീപ്പൊള്ളലേറ്റ് വൃദ്ധ മരിച്ചു. കാരക്കുന്നേൽ ജോസിന്റെ സഹോദരി അന്നക്കുട്ടിയാണ് (65)
മുറ്റത്ത് ചപ്പുചവർ കത്തിയ്ക്കുന്നതിനിടെ ധരിച്ചിരുന്ന നൈറ്റിയിലേയ്ക്ക് തീ പടർന്ന് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ഭർത്താവ് തൊമ്മച്ചൻ മരിച്ചതിനെ തുടർന്ന് സഹോദരനായ ജോസിന്റെ കുടുംബത്തോടൊപ്പമാണ് അഞ്ച് വർഷത്തോളമായി ഇവർ താമസിക്കുന്നത്. രോഗിയായതിനാൽ ഏറെക്കുറെ കിടപ്പിലായിരുന്നു. ഇന്നലെ വൈകിട്ട് മറ്റാരും ഇല്ലാതിരുന്ന സമയം വീടിന് സമീപത്ത് പേപ്പറും ചപ്പുചവറുകളും കത്തിക്കവെ നൈറ്റിയിലേയ്ക്ക് തീ പടരുകയായിരുന്നെന്നാണ് കരുതുന്നത്. സഹോദരൻ എത്തിയപ്പോൾ ഇവർ വീടിന് പുറത്ത് പൊള്ളലേറ്റ് അവശനിലയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ അടിമാലിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. തൊടുപുഴയ്ക്ക് സമീപം എത്തിയപ്പോഴേയ്ക്കും മരിച്ചു. മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.