kk
ഇടുക്കി ജില്ലയിലെ മതിയായ എണ്ണം കുട്ടികളില്ലാത്ത സ്‌കൂളുകൾക്കായി നടത്തിയ ശിൽപശാല പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ വിദഗ്ദൻ ഡോ. രതീഷ് കാളിയാടൻ ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന ശിൽപശാലയിൽ മതിയായ എണ്ണം കുട്ടികൾ കുറവുള്ള ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും പ്രഥമാധ്യാപകരും പി.ടി.എ പ്രതിനിധികളും തൊടുപുഴ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ ഹാളിൽ ഒത്തുചേർന്നു. പൊതുവിദ്യാലയങ്ങളിൽ ലഭിച്ച ജനപിന്തുണ ഉപയോഗപ്പെടുത്തി കൂടുതൽ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ കൂടിചേരൽ സംഘടിപ്പിച്ചത്. ഇടുക്കി ജില്ലയിൽ കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങൾക്കായി സംഘടിപ്പിക്കപ്പെട്ട ആദ്യ ശിൽപശാലയിൽ പങ്കെടുത്തുകൊണ്ട് വിവിധ സ്‌കൂളുകളിലെ പ്രതിനിധികൾ അവരുടെ കുറവുകളും മികവുകളും അനുഭവങ്ങളും പരസ്പരം പങ്കുവെച്ചു.
കൂടിചേരലിനോട് അനുബന്ധിച്ച് നടന്ന യോഗം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ വിദഗ്ദൻ ഡോ. രതീഷ് കാളിയാടൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ലളിത കുമാരി അദ്ധ്യക്ഷയായിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ.എ ബിനുമോൻ സ്വാഗതം പറഞ്ഞു. സമഗ്ര ശിക്ഷ ഡിപിഒ ജോർജ് ഇഗ്‌നേഷ്യസ്, ഡയറ്റ് പ്രിൻസിപ്പാൾ രഘുറാം ഭട്ട്, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ ഷാജിമോൻ, ഡി.ഇ.ഒ മാരായ അബ്ദുൽ ഹമീദ്, വിജയകുമാരി, ഡയറ്റ് ഫാക്കൽറ്റി തങ്കരാജ് തുടങ്ങിയവർ സംസാരിച്ചു. ഏഴ് സബ് ജില്ലകളിലെയും പ്രവർത്തനങ്ങളുടെ ക്രോഡീകരണങ്ങൾക്കും അവതരണത്തിനും അതത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ നേതൃത്വം നൽകി. ജില്ലയിലെ ഹൈസ്‌കൂൾ ഹയർസെക്കണ്ടറി വിഭാഗം മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആക്കിയതിന് പിന്നാലെ ജൂൺ മാസത്തോടെ മുഴുവൻ പ്രൈമറി വിഭാഗം വിദ്യാലയങ്ങളും ഹൈടെക് ആയി മാറുകയാണ്.