eye-health

കാലാവസ്ഥാ വ്യതിയാനം നമ്മുടെ ശരീരത്തിൽ പലവിധം മാറ്റങ്ങൾ ഉണ്ടാക്കുന്നു. വേനൽച്ചൂട് അസഹനീയമാകുന്ന അവസ്ഥയാണ് ഇപ്പോൾ സംഭവിക്കുന്നത്. പകൽ സമയങ്ങളിൽ പുറത്ത് ഇറങ്ങാൻ പറ്റാത്ത രീതിയിൽ മാറിപ്പോയിരിക്കുന്നു കാര്യങ്ങൾ. ഈ അവസ്ഥയിൽ ശരീരത്തെ പരിപാലിക്കുന്നതിൽ അതീവശ്രദ്ധ ചെലുത്തേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുക്കണം.

കണ്ണുകളുടെ ആരോഗ്യത്തിലും കരുതലോടെ ശ്രദ്ധചെലുത്തേണ്ടതുണ്ട്. ഒട്ടനവധി നേത്രരോഗങ്ങൾ ഈ കാലാവസ്ഥയിൽ കണ്ണുകളുടെ ആരോഗ്യം നശിപ്പിക്കുന്നു.
വേനൽക്കാലത്ത് നിർജലീകരണം വഴി ജലാംശം നഷ്ടപ്പെടുകയും ശരീരം തളർന്നുപോവുകയും ചെയ്യുന്നു. കണ്ണുകളിലും ജലാംശം നഷ്ടപ്പെട്ട് ഡ്രൈ ഐ സിൻഡ്രോം ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് മതിയായ അളവിൽ വെള്ളം കുടിക്കുന്നത് നിർജലീകരണത്തെ പ്രതിരോധിക്കും. തേൻഇട്ട വെള്ളം, തണുത്ത നന്നാറി ചേർത്ത വെള്ളം, കൊത്തമല്ലി ഇട്ട് തിളപ്പിച്ച വെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം ഇവയൊക്കെ ശീലിക്കാവുന്നതാണ്.
അന്തരീക്ഷത്തിലെ ചൂട് കാറ്റ് യാത്രാവേളകളിൽ കണ്ണിലേക്ക് നേരിട്ട് ഏൽക്കാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നല്ല മേന്മയുള്ള സൺ ഗ്‌ളാസ് ഉപയോഗിക്കുന്നത് നല്ലതാകും. ഉച്ചസമയങ്ങളിലും മറ്റും വെയിൽ കൊണ്ടശേഷം നേരിട്ട് കണ്ണുകൾ വെള്ളംകൊണ്ട് കഴുകുന്നത് തെറ്റായ രീതിയാണ്. കുറച്ചു സമയം വിശ്രമിച്ച് ചൂടിന്റെ ആധിക്യം കുറഞ്ഞിട്ടുമാത്രം കണ്ണുകൾ തണുത്തവെള്ളത്തിൽ കഴുകുന്നതും മുഖം കഴുകുന്നതും അഭികാമ്യമായിരിക്കും.

ഡോ. നീതു കേശവൻ,

അസി. പ്രൊഫസർ, നേത്രരോഗ വിദഗ്ധ,

വിഷ്ണു ആയുർവേദ മെഡിക്കൽ കോളേജ്,

ഷൊർണൂർ.