ഹോളി ഉത്സവത്തിന് മുമ്പായി മദ്ധ്യപ്രദേശിൽ ഒരുത്സവം നടക്കാറുണ്ട്. ബിൽസ് എന്നറിയപ്പെടുന്ന ഗോത്ര വിഭാഗങ്ങളുടെ ഇടയിൽ നില നിൽക്കുന്ന വിചിത്ര ആഘോഷം- ഭാഗോറിയ. യുവതീ യുവാക്കൾക്ക് സ്വന്തമായി ഇഷ്ടമുള്ള വധൂവരന്മാരെ തിരഞ്ഞെടുക്കുവാൻ അനുവാദം നൽകുന്ന ഉത്സവമാണിത്. പ്രണയിക്കുന്നവർക്കും ഉത്സവത്തിൽ പങ്കെടുക്കാം. ഗോത്ര വിഭാഗങ്ങൾ താമസിക്കുന്നതിനടുത്തുള്ള പൊതു സ്ഥലങ്ങളിലോ, മൈതാനങ്ങളിലോ യുവതികളും, യുവാക്കളും, ഇരുവരുടേയും മാതാപിതാക്കളും, മറ്റു കുടുംബാംഗങ്ങളും ഒത്തുചേരും. കമിതാക്കൾ അല്ലാത്തവരും ഇവിടെ എത്തും. ഏതെങ്കിലും യുവതികളെ ഇഷ്ടമായാൽ അവിടെ വച്ച് തന്നെ സ്വയംവരം ചെയ്യാം. യുവാക്കൾ പലാഷ് എന്ന മരത്തിൽ നിന്നും സംഭരിക്കുന്ന സിന്ദൂരവും കൈയിൽ കരുതിയാണ് എത്തുക. യുവതികളാവട്ടെ പുത്തൻ സാരിയുടുത്ത്, ആടയാഭരണ വിഭൂഷിതരായി എത്തും. വാദ്യമേളങ്ങളുടെയും നൃത്തങ്ങളുടെയും അകമ്പടി ചടങ്ങിന് മിഴിവേകും.
മനസിന് ഇഷ്ടപ്പെട്ട യുവതിയെ കണ്ടു കഴിയുമ്പോൾ സിന്ദൂരം വാരിയെടുത്ത് യുവാവ് യുവതിയുടെ മുഖത്ത് പൂശുകയാണ് വേണ്ടത്. എന്നാൽ യുവതിക്ക് തിരിച്ച് ഇഷ്ടം തോന്നണമെന്നില്ല. യുവതിയെ ആകർഷിക്കാൻ പല അടവുകൾ പയറ്റിയിട്ടും രക്ഷയില്ലെങ്കിൽ ആ യുവാവിന് മറ്റൊരു അവസരത്തിനായി കാത്തിരിക്കേണ്ടിവരും. കൈയേറ്റമോ, ബല പ്രയോഗമോ അനുവദനീയമല്ല. ഇനി പരസ്പരം ഇഷ്ടപ്പെട്ടാൽ വെറ്റിലയിൽ ഉണ്ടാക്കുന്ന ബീഡ ചവയ്ക്കുകയും മൈതാനത്തിൽ നിന്നും രണ്ടുപേരും ഓടി പോകുകയും ചെയ്യുന്നു. വീട്ടിലെത്തുന്ന ജോഡികളെ ആചാരപൂർവം ആരതി ഉഴിഞ്ഞു സ്വീകരിക്കുന്നു. തുടർന്ന് കുടുംബാംഗങ്ങൾ വിവാഹ നിശ്ചയം നടത്തും.