പേരാവൂർ: നെടുംപൊയിലിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികർക്ക് പരിക്കേറ്റു. വയനാട്ടിൽ നിന്നും ചെറുവാഞ്ചേരി ഭാഗത്തേക്ക് പോകുന്ന കാറാണ് തലശ്ശേരി വയനാട് റോഡിൽ നെടുംപൊയിൽ പട്ടികവർഗ്ഗ ക്ഷേമ ഓഫീസിന് സമീപം തലകീഴായി മറിഞ്ഞത്. പരിക്കേറ്റവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജയകേരള സാംസ്‌കാരിക സന്ധ്യ
മട്ടന്നൂർ: ജയകേരളയുടെ ഒരുമാസം നീളുന്ന സാംസ്‌കാരിക സന്ധ്യ ബെസ്റ്റ് ഫാമിലി ഡോക്ടർ അവാർഡ് ജേതാവ് ഡോ. എ. ജോസഫ് ഉദ്ഘാടനം ചെയ്തു. പി.പി. ഗോവിന്ദൻ സ്മാരക ഹാളിലെ ചടങ്ങിൽ ഡോ. നാരായണൻ പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പ്രസംഗ മത്സരത്തിൽ മികവ് തെളിയിച്ച കൃഷ്ണശ്രീ, സി. ഭവ്യ, പി. അനുനന്ദ, പി. ദേവിക, സി. കീർത്തി, കെ. ആര്യ, സാനിയ സതീഷ്, ആര്യ അശോക്, റോജിൻ പിണറായി, ഡോ. പള്ളൂർ രാധാകൃഷ്ണൻ എന്നിവർക്ക് ഡോ. കൂമുള്ളി ശിവരാമൻ ഉപഹാരസമർപ്പണം നടത്തി. പ്രൊഫ. എൻ. ജയരാജ്, എ.വി. രാധാകൃഷ്ണൻ നമ്പീശൻ എന്നിവർ അനുശ്രീ സുനിൽ കുമാർ, മേഘ മുരളി, വിഷ്ണുജ വിജയൻ എന്നിവർക്ക് ഉപഹാര വിതരണം നടത്തി.
കെ.എം. ബാലകൃഷ്ണൻ നമ്പ്യാർ, കെ.പി. രമേശൻ, അണിയേരി അച്യുതൻ, എം.കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. കെ.കെ. കീറ്റുകണ്ടി സ്വാഗതവും ബാവ മട്ടന്നൂർ നന്ദിയും പറഞ്ഞു. കവിയരങ്ങിൽ ലക്ഷ്മണൻ കുയിലൂർ അദ്ധ്യക്ഷത വഹിച്ചു. ശിവപ്രസാദ് പെരിയച്ചൂർ, രാധാകൃഷ്ണൻ തലച്ചങ്ങാട്, നന്ദാത്മജൻ കൊതേരി, അംബിക കാര, കെ. തമ്പാൻ, ഡോ. പള്ളൂർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കാവ്യസന്ധ്യ, കലാപരിപാടികൾ, നാടകം എന്നിവ അരങ്ങേറി.