തൃക്കരിപ്പൂർ: തൃക്കരിപ്പൂർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസിയുടെ നേതൃത്വത്തിൽ 'ഫാർമ കോൺക്ലേവ് ' ദേശീയ സെമിനാർ സംഘടിപ്പിച്ചു. കോഴിക്കോട് നാഷണൽ കോളജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ.എം.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം. പരിധാവി അധ്യക്ഷത വഹിച്ചു. ഫൗണ്ടർ ചെയർമാൻ അഡ്വ. കെ.കെ. രാജേന്ദ്രൻ, ഡയരക്ടർമാരായ ടി.വി. ചന്ദ്രദാസ്, സി.എച്ച്. അബ്ദുൽ റഹീം, വൈസ് പ്രിൻസിപ്പൽ ഡോ. കെ.വി. അരുൺ കുമാർ, പി.ടി.എ പ്രസിഡന്റ് പരമേശ് തിരുമുമ്പ് , എം.ഗൗതം എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളിൽ യു.എസ്.എ ഡിജിറ്റൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഹരികൃഷ്ണ മരാം, കോയമ്പത്തൂർ കെ. എം.സി.എച്ച് കോളജ് ഓഫ് ഫാർമസി വൈസ് പ്രിൻസിപ്പൽ ഡോ.കെ.എസ്.ജി. അരുൾ കുമാരൻ, ഭട്ക്കൽ വാദി രാജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ.കെ.കെ.ശ്രീനിവാസൻ എന്നിവർ ക്ലാസുകൾ നയിച്ചു.
തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരിച്ചു
തൃക്കരിപ്പൂർ: എൻ.ഡി.എ കാസർകോട് പാർലമെന്ററി മണ്ഡലം സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ വിജയത്തിനായി തൃക്കരിപ്പൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. തൃക്കരിപ്പൂരിൽ നടന്ന കൺവെൻഷൻ ബി.ജെ.പി ജില്ലാ സെക്രട്ടറി ബൽരാജ് ഉദ്ഘാടനം ചെയ്തു. എം. ഭാസ്‌കരൻ അധ്യക്ഷനായി. പരിവാർ നേതാക്കളായ കെ.ശശി, രൂപേഷ് എന്നിവർ നേതൃത്വം നൽകി. വെങ്ങാട്ട് കുഞ്ഞിരാമൻ, ടി. കുഞ്ഞിരാമൻ, യു. രാജൻ, ഇ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി.വി. ഷിബിൻ (ചെയർമാൻ), എ.വി സുധാകരൻ (കൺവീനർ).
മെഗാ തിരുവാതിരക്കളി,
ഒപ്പന മത്സരം മേയ് ഒന്നിന്
പാലക്കുന്ന്: ഭരണി ഉത്സവത്തിന് തുടർച്ചയായി 46 വർഷമായി തിരുമുൽകാഴ്ച സമർപ്പിക്കുന്ന ഉദുമ പടിഞ്ഞാർ പ്രാദേശിക സമിതി നിലവിൽ വന്നിട്ട് 60 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ച് മെഗാ തിരുവാതിരക്കളി, ഒപ്പന മത്സരങ്ങൾ നടത്തുന്നു. നേരത്തെ മേയ് അഞ്ചിന് നടത്താനിരുന്ന മത്സരം മേയ് ഒന്നിന് അംബിക എ.എൽ.പി സ്‌കൂൾ ഗ്രൗണ്ടിലാണ് നടക്കുക. തിരുവാതിരക്കളിയിൽ ഇരുപതും ഒപ്പനയിൽ പതിനൊന്നും അംഗങ്ങളുള്ള ടീമുകൾക്ക് പങ്കെടുക്കാം. വിജയികൾക്ക് 20000, 15000, 10000 രൂപ വീതം സമ്മാനങ്ങൾ നൽകും. ബന്ധപ്പെടേണ്ട നമ്പർ 9074064359, 9447238140.