തൃക്കരിപ്പൂർ: കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഒരു നൂൽ ബന്ധത്തിന്റെ തടസം മാത്രമേ ഉള്ളുവെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. പടന്നയിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുത്തലാഖ് ബിൽ ലോക്‌സഭയിൽ കൊണ്ടുവന്നപ്പോൾ അതിനെതിരെ ഒരു കോൺഗ്രസ് എം.പിയുടെയും കൈ ഉയർന്നില്ലെന്നും ബില്ലിനെ എതിർക്കേണ്ട സമയത്ത് മുസ്ലിം ലീഗിന്റെ എം.പി കുഞ്ഞാലിക്കുട്ടി കല്യാണം കൂടി നടക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതോടെ കോൺഗ്രസിന്റെയും ലീഗിന്റെയും നയം വ്യക്തമായിരിക്കുകയാണ്. മുത്തലാഖ് നിയമത്തെ എതിർത്ത് വോട്ട് ചെയ്ത 11 വോട്ടുകളിൽ എട്ട് വോട്ടുകൾ ഇടതുപക്ഷത്തിന്റെതായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയാൽ മുസ്ലീം പുരുഷന്മാരെ മൂന്നുവർഷംവരെ ശിക്ഷിക്കാം എന്നതാണ് ബില്ലിന്റെ ഉള്ളടക്കം. ഒരു മതത്തിൽപ്പെട്ടവർക്ക് മാത്രം ഇത്തരം നിയമം എങ്ങനെയാണ് നടപ്പാക്കുക. ഈ നിയമം എങ്ങനെ ന്യായവും നീതിയുമാകുമെന്ന് ചോദിച്ചത് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. അല്ലാതെ കോൺഗ്രസോ മുസ്ലിം ലീഗ്
നേതാക്കളോ അല്ല. മുത്തലാഖ് നിയമത്തിൽ ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കുന്ന രാഹുൽ ഗാന്ധി ഇതുവരെയായും നിലപാട് വ്യക്തമാക്കിയിട്ടില്ല.
ജനങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് പറയാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമോ. കോൺഗ്രസ് ഭരണ കാലത്താണ് 19 സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചത്. ബീഫ് കഴിച്ചതിന്റെ പേരിൽ നാൽപതിലേറെ പേരാണ് ആൾക്കൂട്ട കൊലപാതകത്തിനിരയായത്. ഇഷ്ട ഭക്ഷണം കഴിച്ചതിന്റെ പേരിൽ ഇനിയൊരു ആൾക്കൂട്ട കൊലപാതകം ഉണ്ടാവില്ലെന്ന് വിളിച്ചുപറയാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമോ. ബി.ജെ.പിയെ നേരിടാതെ അമേഠിയിൽ തോൽവി മണത്ത
രാഹുൽ വയനാട്ടിൽ പച്ചക്കൊടിയുടെ തണലിൽ ഊറ്റം കൊള്ളാനാണ് എത്തിയിരിക്കുന്നതെന്ന് ജലീൽ പരിഹസിച്ചു.
ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കാൻ ശ്രമം നടത്തുന്ന ബി.ജെ.പിയും അതേ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിനുമല്ല വോട്ട് ചെയ്യേണ്ടത്. പകരം ഇടത് പക്ഷത്തിന്റെ മൂക്കുകയറിൽ ഒരു മതേതര സർക്കാർ ഉണ്ടാക്കാനുള്ള ശ്രമത്തിന് ശക്തി പകരുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എം.കെ.സി അബ്ദുൾ റഹിമാൻ അധ്യക്ഷനായി. എം. രാജഗോപാലൻ എം.എൽ.എ, ടി.വി ഗോവിന്ദൻ, കെ.പി വത്സലൻ, കെ. സുധാകരൻ, വിജയകുമാർ, വി.കെ ഹനീഫ ഹാജി, വി.വി കൃഷ്ണൻ, കെ.വി അസീസ് എന്നിവർ സംസാരിച്ചു. ടി.പി കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു.