കാസർകോട്: കാസർകോട് മണ്ഡലത്തിൽ സ്വസമുദായത്തിൽ നിന്നുള്ളവരെ നിർത്തി മത്സരിപ്പിക്കാൻ എസ്. എൻ.ഡി.പി യോഗം യൂണിയനുകളുമായി ചേർന്നു പ്രവർത്തിക്കുന്നവർ ആലോചിക്കുന്നതായി സൂചന. സ്ഥാനാർത്ഥിയെ നിർത്തുന്നതിലും സമുദായ കാര്യങ്ങളിലുമെല്ലാം പിന്നോക്ക ജനവിഭാഗത്തോട് കാണിക്കുന്ന അവഗണനയും വഞ്ചനാപരമായ സമീപനവും കണക്കിലെടുത്താണ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം ആലോചിക്കുന്നത്. പിന്നോക്ക വിഭാഗത്തിന് ഭൂരിപക്ഷ പ്രാതിനിധ്യമുള്ള മണ്ഡലത്തിൽ തീയ്യ, ഈഴവ വിഭാഗത്തിന് മാത്രമായി ഗണ്യമായ വോട്ടുകളുണ്ടായിട്ടും മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയത്തിന്റെ കാര്യം വന്നപ്പോൾ മൂന്നു മുന്നണികളും ഈ വിഭാഗത്തെ പരിഗണിക്കാൻ തയ്യാറായില്ലെന്നാണ് പ്രവർത്തകരുടെ ആക്ഷേപം. പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്.