election-2019

മാഹി: ഒറ്റ മണ്ഡലമാണ് പുതുച്ചേരി. മാഹിയിൽ നിന്ന് തമിഴ്‌നാട്ടിലെ പുതുച്ചേരിയും കാരിക്കലും കടന്ന്, ആന്ധ്രാതീരത്തെ യാനം വരെ നീളുന്ന മണ്ഡലത്തിന്റെ അറ്റംപിടിക്കാൻ 1200 കിലോമീറ്റർ സഞ്ചരിക്കണം. ഒദ്യോഗിക ഭാഷകൾ അഞ്ച്- തമിഴ്, തെലുങ്ക്, മലയാളം, ഫ്രഞ്ച്, ഇംഗ്ലീഷ്. പറഞ്ഞിട്ടെന്താ, കേരളത്തിൽക്കിടക്കുന്ന മാഹി ഉൾപ്പെടെ പുതുച്ചേരിയിലെവിടെയും ഒരൊറ്റ ഭാഷയിലും ഒരു പോസ്റ്റർ പോലും പതിക്കാനാവില്ല. കൊടിയോ ബാനറോ ചുവരെഴുത്തോ ഒന്നും നടപ്പില്ല. സ്ഥാനാർത്ഥിക്ക് സ്വന്തം വീട്ടുപറമ്പിൽപ്പോലും പേരോ ചിഹ്നമോ എഴുതിവയ്‌ക്കാൻ കേന്ദ്രഭരണ പ്രദേശമായ ഇവിടെ തിരഞ്ഞെടുപ്പു ചട്ടം അനുവദിക്കുന്നില്ല.

അക്ഷരാർത്ഥത്തിൽ പ്രചാരണം ജനകീയം. കുടുംബയോഗങ്ങൾ വിളിച്ചുകൂട്ടി കാര്യം പറയും. അതേയുള്ളൂ വഴി. പിന്നെ, പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങും. പുറത്തേക്ക് കോലാഹലമൊന്നുമില്ലെങ്കിലും, പുതുച്ചേരിയിൽ തീപാറുന്ന പോരാട്ടമാണ് ഇത്തവണ. യു.പി.എയും എൻ.ഡി.എയും തമ്മിലാണ് പ്രധാന മത്സരം. യു.പി.എ സ്ഥാനാർത്ഥി, പുതുച്ചേരി മുൻ മുഖ്യമന്ത്രിയും മുൻ നിയമസഭാ സ്‌പീക്കറുമായ വി. വൈദ്യലിംഗം. മൂന്നര പതിറ്റാണ്ടിലധികമായി നിയമസഭാംഗം. കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യത്തിന് ഇടതുപാർട്ടികളുടെയും മുസ്ളിം ലീഗിന്റെയും ഡി.എം.കെയുടെയും പിന്തുണയുണ്ട്.

മറുപക്ഷത്ത്, എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എൻ.ആർ കോൺഗ്രസ് (എൻ.രംഗസ്വാമി കോൺഗ്രസ്)​ നേതാവ് ഡോ. കെ. നാരായണസ്വാമി എന്ന മുപ്പതുകാരൻ. പിന്തുണയ്‌ക്കാൻ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും എം.ഡി.എം.കെയുമുണ്ട്.

രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും കന്നിക്കാരനാണ് നാരായണസ്വാമി. പുതുച്ചേരിയിലും തമിഴ്‌നാട്ടിലും മെഡിക്കൽ- എൻജിനിയറിംഗ് കോളജുകൾ ഉൾപ്പെടെ നിരവധി പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിപൻ.

കമലഹാസന്റെ മക്കൾ നീതി മയ്യത്തിന്റെ സ്ഥാനാർത്ഥിയായി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ: എം.എ.എസ്. സുബ്രഹ്മണ്യവും ഭാഗ്യപരീക്ഷണത്തിനുണ്ട്. ഡി.എം.കെയും,​ അണ്ണാ ഡി.എം.കെയും കടന്നാണ് സുബ്രഹ്മണ്യം കമലഹാസനൊപ്പമെത്തിയത്. മുൻ എം.എൽ.എ. സംസ്ഥാനത്ത് ഹോട്ടൽ ശൃംഖലയുടെ ഉടമ. രണ്ടു വനിതകൾ ഉൾപ്പെടെ ആകെ 18 സ്ഥാനാർത്ഥികളുണ്ട് പുതുച്ചേരിയിൽ. ബി.എസ്.പിയിലെ എ. ഫാത്തിമാ രാജ്, നാം തമിഴർ കട്‌ചിയുടെ എൻ. ഷർമ്മിളാ ബീഗം എന്നിവരാണ് മത്സരരംഗത്തെ വനിതകൾ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ബാനറിൽ എൻ.ആർ. കോൺഗ്രസ്സിലെ ആർ. രാധാകൃഷ്ണനായിരുന്നു ജയം. പിന്നീടു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടി. സീറ്റ് തിരിച്ചുപിടിക്കാൻ കോൺഗ്രസിനു കഴിയാതെ വന്നാൽ സംസ്ഥാന ഭരണത്തിന്റെ അടിത്തറയിളക്കാൻ വരെ അതു കാരണമായേക്കാം. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് പണ്ടേ പേരുകേട്ട സ്ഥലമാണ് പുതുച്ചേരി. ആകെ വോട്ടർമാർ 9,59,785.