കാസർകോട്: കോട്ടിക്കുളം ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി അബ്ദാജി തങ്ങളുടെയും മഖാം ഉടയവരുടെയും കോട്ടിക്കുളം ശുഹദാക്കളുടെയും പേരിൽ മൂന്നു വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള കോട്ടിക്കുളം മഖാം ഉറൂസും സ്വലാത്തിന്റെ വാർഷികവും നാളെ മുതൽ 11 വരെ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ ഉച്ചയ്ക്ക് 1.30 ന് സംഘാടക സമിതി ചെയർമാൻ യു.കെ. മുഹമ്മദ് ഹാജി പതാക ഉയർത്തും. രാത്രി 7.30 ന് സമസ്ത പ്രസിഡന്റും കോട്ടിക്കുളം ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. ഷാക്കിർ ദാരിമി വളക്കൈ മതപ്രഭാഷണം നടത്തും. തുടർന്നുള്ള രാത്രികളിലും മതപ്രഭാഷണം ഉണ്ടാകും.
ഏഴിന് രാവിലെ പത്തിന് മെഡിക്കൽ ക്യാമ്പും , എട്ടിന് വൈകുന്നേരം നാലിന് മോട്ടിവേഷൻ ക്ലാസും , ഒമ്പതിന് വൈകുന്നേരം നാലിന് ലഹരി വിരുദ്ധ ക്ലാസും നടത്തും. 11 ന് പുലർച്ചെ ആറിന് മൗലീദ് പാരായണം, രാവിലെ 11ന് സ്വലാത്ത് മജ്ലിസും കൂട്ടുപ്രാർത്ഥനയും. തുടർന്ന് അന്നദാനവിതരണത്തോടെ ഉറൂസ് സമാപിക്കും. വാർത്താസമ്മേളനത്തിൽ യു.കെ. മുഹമ്മദ് കുഞ്ഞി ഹാജി, ഹാജി ജലീൽ കരിപ്പോടി, റഫീഖ് അങ്കക്കളരി, അബ്ദുല്ലഹാജി മാമു, ഹാരിസ് അങ്കക്കളരി, അബ്ദുല്ലക്കുഞ്ഞി കൂളിക്കാട് എന്നിവർ സംബന്ധിച്ചു.

ബാറ്ററി മോഷണം: പൊലീസ് നടപടി

എടുക്കുന്നില്ലെന്ന് ബസ്സുടമകൾ
കാസർകോട്: ദേശീയപാതയുടെയും മറ്റ് ഉപറോഡുകളുടെയും വശങ്ങളിൽ ഓട്ടം കഴിഞ്ഞ് രാത്രി നിർത്തിയിടുന്ന ബസുകളുടെയും മറ്റു വാഹനങ്ങളുടെയും ബാറ്ററി മോഷണം പോകുന്നത് പതിവായി. കഴിഞ്ഞ ദിവസം സി.പി.സി.ആർ.ഐ.ക്ക് മുൻവശം റോഡരികിൽ ഓട്ടം കഴിഞ്ഞ് നിർത്തിയിട്ട ആയിഷ ട്രാവൽസ്, അണങ്കൂർ, കെ.വി.ആറിന് മുമ്പിൽ നിർത്തിയിട്ടിരുന്ന സർവ്വ ബസ് തൊട്ടടുത്ത വിദ്യാനഗർ പമ്പിൽ നിർത്തിയിട്ടിരുന്ന ബസ്, ചൗക്കി പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന പിക്കോൺ ട്രാവൽസ്, കറന്തക്കാട് നിർത്തിയിട്ടിരുന്ന പിക്കോൺ ട്രാവൽസ് എന്നിവയുടെ ബാറ്ററികളാണ് മോഷ്ടിക്കപ്പെട്ടത്.

യഥാസമയം അതാത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. രാത്രികാല പരിശോധന പൊലീസ് ശക്തമാക്കാത്തതിനാലാണ് മോഷണം ആവർത്തിക്കാൻ കാരണമാകുന്നതെന്ന് ബസ്സുടമകൾ ആരോപിക്കുന്നു.