കാഞ്ഞങ്ങാട്: സ്കൂളിലെ ബെഞ്ചിൽ വേദനകൊണ്ട് പുളയുന്ന യു.ഡി.എഫ് ബൂത്ത് ഏജന്റിന്റെ ചിത്രമാണ് വർഷങ്ങൾക്കിപ്പുറവും ഡോ. ഖാദർ മാങ്ങാട് മാഷുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നത്.
1999 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ഡോ. ഖാദർ മാങ്ങാട്. വോട്ടെടുപ്പ് ദിവസം തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തിലെ നിടുവാലൂർ ബൂത്തിലെ യു.ഡി.എഫ് ബൂത്ത് ഏജന്റാണ് ആക്രമിക്കപ്പെട്ടത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ബൂത്തിൽ ബൂത്ത് ഏജന്റായി യു.ഡി.എഫ് പ്രവർത്തകൻ വന്നതാണ് അവർക്ക് രസിക്കാതിരുന്നുത്.
വോട്ടെടുപ്പ് കഴിയാൻ കുറച്ചുസമയം ബാക്കി നിൽക്കെ അവർ ബൂത്ത് ഏജന്റിനെ കൈകാര്യം ചെയ്തു. വിവരമറിഞ്ഞ് ഖാദർ മാങ്ങാട് രണ്ട് അംഗരക്ഷകരോടൊപ്പം സ്ഥലത്തെത്തി. നൂറു കണക്കിനാളുകൾ തടിച്ചുകൂടിയ സ്ഥലത്ത് നേരത്തെ തന്റെ വിദ്യാർത്ഥികളായിരുന്ന നാലു യുവതികളായിരുന്നു തനിക്ക് ബൂത്തിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കിയത്. താൻ റിട്ടേണിംഗ് ഓഫീസറെ കാണുകയും വോട്ടെടുപ്പ് നിർത്തിവയ്ക്കാനാവശ്യപ്പെടുകയും ചെയ്തു. അതിനുശേഷം താൻ പോയ കാറിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൈയൊടിഞ്ഞ വേദനയ്ക്കിടയിലും തന്റെ സാമീപ്യം ആ യുവാവിന് ഏറെ ആശ്വാസമായിരുന്നു. ആ തിരഞ്ഞെടുപ്പിൽ തന്റെ തൊട്ടടുത്ത എതിരാളി സി.പി.എമ്മിലെ ടി. ഗോവിന്ദനോട് 31000 ൽ പരം വോട്ടിനാണ് പരാജയപ്പെട്ടത്. 98 ലെ തിരഞ്ഞെടുപ്പിലും താനും ടി. ഗോവിന്ദനുമാണ് ഏറ്റുമുട്ടിയത്. അന്ന് 48000 ആയിരുന്നു ഗോവിന്ദന്റെ ഭൂരിപക്ഷം.