കാഞ്ഞങ്ങാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ ഐക്യജനാധിപത്യമുന്നണി ഇക്കുറി വിജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കാസർകോട് പാർലമെൻറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ കാഞ്ഞങ്ങാട് നിയോജമണ്ഡലം പര്യടനപരിപാടി ഇരിയയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഏറ്റവും കൂടുതൽ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുള്ളത് കാസർകോട് ജില്ലയിലാണ്. മണ്ഡലത്തിൽ നാവിക അക്കാഡമി സി.പി.സി.ആർ.ഐ ,എച്ച്.എ.എൽ സെൻട്രൽ യൂണിവേഴ്‌സിറ്റി തുടങ്ങിയ കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾ സാധ്യമായത് കോൺഗ്രസ് ഭരിക്കുമ്പോഴാണ്. പ്രഭാകരൻ കമ്മിഷൻ അടക്കമുള്ള സമഗ്രവികസന പാക്കേജ് കൊണ്ടുവന്നത് ഐക്യജനാധിപത്യ മുന്നണി സർക്കാരാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരായി വികസന രാഷ്ട്രീയം അജണ്ടയാക്കിയാണ് യു.ഡി.എഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ.വി മാത്യു അധ്യക്ഷനായിരുന്നു. യു.ഡി.എഫ് നേതാക്കളായ എം.സി ഖമറുദ്ദീൻ, കെ.പി കുഞ്ഞിക്കണ്ണൻ, എ. ഗോവിന്ദനായർ, കുര്യാക്കോസ് പ്ലാപ്പറമ്പൻ, ഹരീഷ് ബി നമ്പ്യാർ, ബി. സുകുമാരൻ, ബാബു കദളിമറ്റം, ബഷീർ വെള്ളിക്കോത്ത്, വിനോദ് കുമാർ പള്ളയിൽ വീട്, ബാലകൃഷ്ണൻ പെരിയ,പി.വി സുരേഷ്, മീനാക്ഷി ബാലകൃഷ്ണൻ,ധന്യാ സുരേഷ്
ഡി.വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.പി ജാഫർ സ്വാഗതവും സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ നന്ദിയും പറഞ്ഞു.
സ്കൂൾ വാർഷികാഘോഷം
പെരിയ: അംബേദ്കർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം ട്രസ്റ്റ് ചെയർമാൻ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സൂരജ് നാണു അധ്യക്ഷത വഹിച്ചു. സ്‌നേഹ പലിയേരി മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ കെ. മാധവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശാരദ എസ്. നായർ, ബിപുലാറാണി, കെ.വി. സാവിത്രി, ബാലൻ കുന്നുമ്മൽ എന്നിവർ സംസാരിച്ചു. സഫ്രീന സ്വാഗതവും ആഷിക തസ്ലീന നന്ദിയും പറഞ്ഞു.
ഭദ്രകാളി ക്ഷേത്രപ്രതിഷ്ഠാദിനം
കാഞ്ഞങ്ങാട്: കുശാൽ നഗർ ഭദ്രകാളി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 6,7 തീയ്യതികളിൽ നടക്കും. 6 ന് രാവിലെ 6.30ന് രാവിലെ ആചാര്യവരവേൽപ്പ്, 7.30 ന് ഗണപതിഹോമം, ഉച്ചയ്ക്ക് 12 ന് മഹാപൂജ, 12.30 ന് ഗുളികൻ തെയ്യം, തുടർന്ന് അന്നദാനം, വൈകീട്ട് 5 ന് നടതുറക്കൽ, 6.30 ന് ഭജന, രാത്രി 8 ന് നാടകം.10.30ന് മഹാപൂജ, 7 ന് രാവിലെ 5ന് നടതുറക്കൽ, ദീപാരാധന. 10ന് ഭജന, ഉച്ചയ്ക്ക് 12 ന് മഹാപൂജ, തുടർന്ന് അന്നദാനം.
സിവിൽ സർവീസ് അക്കാഡമിയിൽ
അവധിക്കാല ക്ലാസുകൾ ഇന്നു തുടങ്ങും
കാഞ്ഞങ്ങാട്: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സ്‌റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി കാഞ്ഞങ്ങാട് കേന്ദ്രത്തിൽ ഒരുമാസം നീളുന്ന അവധിക്കാല ക്ലാസുകൾ ഇന്നു രാവിലെ പത്തിന് ആരംഭിക്കും. ഹൈസ്‌കൂൾ വിദ്യാർഥികൾക്കുള്ള ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സും ഹയർസെക്കൻഡറി വിദ്യാർഥികൾക്കുള്ള സിവിൽ സർവിസ് ഫൗണ്ടേഷൻ കോഴ്‌സുമാണ് ആരംഭിക്കുന്നത്. വിവരങ്ങൾക്ക് കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ സയൻസ് ആൻഡ് ടെക്‌നോളജി പാർക്കിൽ പ്രവർത്തിക്കുന്ന കേരള സ്‌റ്റേറ്റ് സിവിൽ സർവിസ് അക്കാഡമി കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: 8281098876.