മട്ടന്നൂർ: അപൂർവ്വയിനം പക്ഷിയായ ബഫ് ബ്രെസ്റ്റഡ് സാൻഡ്‌പൈപ്പറിന്റെ ഡോ. ജയൻ തോമസ് പകർത്തിയ ചിത്രം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അറൈവൽ ഹാളിൽ പ്രദർശിപ്പിച്ചു. വടക്കേ അമേരിക്കയിൽ കാണുന്ന ഈ പക്ഷി 12,600 കിലോമീറ്ററോളം പറന്നാണ് മാടായിപ്പാറയിൽ 2011ൽ ദേശാടനത്തിനെത്തിയത്. അന്ന് പകർത്തിയ പക്ഷിയുടെ ഫോട്ടോ പിന്നീട് ലിംക ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി. സൗത്ത് ഏഷ്യയിൽ ബഫ്‌ബ്രെസ്റ്റഡ് സാൻഡ്‌പൈപ്പറിന്റെ ചിത്രം പകർത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം കൂടി ഡോ. ജയൻ സ്വന്തമാക്കിയിരുന്നു.

ഒരു ഞായറാഴ്ച രാവിലെ താനും സുഹൃത്തും പക്ഷി നീരീക്ഷണം നടത്തുന്നതിനിടെയാണ് ബഫ് ബ്രെസ്റ്റഡ് സാൻഡ്‌പൈപ്പറിനെ ഒരു സംഘം നാട്ടുപക്ഷികൾക്കൊപ്പം കാണുന്നതെന്നും തുടർന്നാണ് ഫോട്ടോ എടുത്തതെന്നും ജയൻ തോമസ് പറഞ്ഞു. എയർപോർട്ട് എം.ഡിയും അധികൃതരും താത്പര്യം കാട്ടിയതോടെയാണ് ഈ ഫോട്ടോ എയർപോർട്ടിലെ പ്രധാനകാഴ്ചയായി മാറുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഫോട്ടോ അറൈവൽ ഹാളിൽ പ്രദർശിപ്പിച്ചു. ഇനിമുതൽ സഞ്ചാരികളെ സ്വീകരിക്കാൻ ഈ ഫോട്ടോയും ഉണ്ടാകുമെന്ന സന്തോഷത്തിലാണ് അധികൃതർ.