മംഗളൂരു: 17 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡ് ചെയ്ത പ്രതി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. മണിപ്പാൽ സഗ്രിയേലിൽ നടന്ന കൊലപാതകക്കേസിൽ അറസ്റ്റിലായ ഹനുമന്തപ്പ (30)യാണ് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്.
മണിക്കൂറുകൾക്കുള്ളിൽ ഇയാളെ ഹരിയടുക്കയിൽ വെച്ച് പൊലീസ് പിടികൂടി. മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്ന് രണ്ട് പോലീസുകാരുടെ അകമ്പടിയോടെ ജീപ്പിൽ ഹൊയ്സാലയിലെ ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് ഹനുമന്തപ്പ രക്ഷപ്പെട്ടത്.
നാടോടി സ്ത്രീകളെ ആക്രമിച്ചതായി പരാതി
വെള്ളരിക്കുണ്ട്: പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും പെറുക്കാനെത്തിയ മൂന്ന് നാടോടി സ്ത്രീകളെ ആക്രമിച്ചു. പയ്യന്നൂരിനടുത്ത് ഖാദിമുക്ക് ഏറ്റുകുടുക്കയിൽ താമസിക്കുന്ന തമിഴ്നാട്ടുകാരായ രാമകൃഷ്ണന്റെ ഭാര്യ ജാനകി (28), സുബ്രഹ്മണ്യന്റെ ഭാര്യ സാവിത്രി (32), മുരുകന്റെ ഭാര്യ ദേവി (30) എന്നിവർക്കാണ് മർദനമേറ്റത്. പരിക്കേറ്റ ഇവരെ വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസിനോട് അടിച്ച ആളിനെ കണ്ടാൽ തിരിച്ചറിയുമെന്ന് ഇവർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു.
പാലായി താഴത്ത് തറവാട് കളിയാട്ട
മഹോത്സവം ഒമ്പതിന് തുടങ്ങും
ബങ്കളം: നീലേശ്വരം പാലായി താഴത്ത് തറവാട് കളിയാട്ട മഹോത്സവം ഒമ്പത്, പത്ത് തീയതികളിൽ നടക്കും. ഒമ്പതിന് വൈകുന്നേരം ഏഴിന് തുടങ്ങലിന് ശേഷം അന്തിയണങ്ങും ഭൂതം, അച്ഛൻ തെയ്യം, ചെറിയ ഭഗവതി എന്നീ തെയ്യങ്ങളുടെ പുറപ്പാട്. രാത്രി ചെരളത്തു ഭഗവതി, രക്തചാമുണ്ഡി തെയ്യങ്ങൾ. പത്തിന് രാവിലെ പത്തിന് പാടാർകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി തെയ്യങ്ങൾ. ഉച്ചയ്ക്ക് അന്നദാനം. രണ്ടു മണിക്ക് ശേഷം ധർമ്മദൈവമായ ദണ്ഡിയങ്ങാനത്ത് ഭഗവതിയുടെ തിരുമുടി ഉയരും. രാത്രിയോടെ കളിയാട്ടം സമാപിക്കും.
തിരഞ്ഞെടുപ്പ്: എക്സൈസ് റെയ്ഡിൽ മദ്യം പിടികൂടി
കാസർകോട്: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യ, മയക്കുമരുന്ന് മേഖലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കാസർകോട് എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ റെയ്ഡിൽ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ 280 കുപ്പി വിദേശ മദ്യവും വിൽപനക്കാരനിൽ നിന്നും 161 ടെട്രാ പാക്കറ്റ് മദ്യവും പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ നിർദേശ പ്രകാരമായിരുന്നു റെയ്ഡ്.
ഹൊസ്ദുർഗ് എക്‌സൈസ് റെയ്ഞ്ചിന്റെ പരിധിയിൽ വരുന്ന ബേക്കൽ രാമഗുരു മന്ദിരത്തിന് സമീപത്തെ പുഷ്പയുടെ വീട്ടുവളപ്പിൽ നിന്നാണ് കുഴിച്ചിട്ട നിലയിൽ 180 മില്ലിയുടെ 280 കുപ്പി കർണാടക മദ്യം പിടികൂടിയത്. ഹൊസ്ദുർഗ് റേഞ്ച് പ്രിവന്റീവ് ഓഫീസർ സി.കെ അഷ്റഫ്, ഇ.കെ ബിജോ, ഷെയ്ഖ് അബ്ദുൽ ബഷീർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജിതിൻ, ഡ്രൈവർ മൈക്കിൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
കാസർകോട് നുള്ളിപ്പാടിയിലെ ബിജു എന്ന ബിജു പൂജാരിയുടെ (48) പക്കൽ നിന്നാണ് 180 മില്ലിയുടെ 161 ടെട്രാ പാക്കറ്റ് കർണാടക നിർമിത വിദേശ മദ്യം പിടികൂടിയത്. കാസർകോട് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടോണി ഐസക്, പ്രിവന്റീവ് ഓഫീസർ അശോകൻ പരിയാരം, സി.ഇ.ഒമാരായ നൗഷാദ്, ദിനൂപ്, മോഹന കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മദ്യവേട്ട നടത്തിയത്.