ഇരിട്ടി: കീഴൂർ മഹാദേവക്ഷേത്രത്തിലെ ഇരുപത്തിയഞ്ചാം വാർഷിക മഹോത്സവം നാളെ ആരംഭിക്കും. തന്ത്രി വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും.രജതജൂബിലിവർഷം പ്രമാണിച്ച് ഇന്ന് രാവിലെ ഏകാദശ ശ്രീരുദ്രാഭിഷേകം ഉണ്ടാകും. വൈകിട്ട് 6ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സമിതി പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രത്തിൽ പുതുക്കിപ്പണിത നടപ്പന്തലിന്റെ സമർപ്പണം തന്ത്രി വിലങ്ങര നാരായണൻ ഭട്ടതിരിപ്പാടും, ക്ഷേത്രം സ്മരണിക പ്രകാശനം പ്രൊഫ. മുഹമ്മദ് അഹമ്മദും നിർവഹിക്കും. കീഴൂർ വിനയശ്രീ ഗ്രൂപ്പ് എം.ഡി എം.പി. മനോഹരൻ സ്മരണിക ഏറ്റുവാങ്ങും. ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ നിർദ്ധനരെ സഹായിക്കുന്നതിനായി രൂപീകരിച്ച സേവാപർവം പരിപാടിയുടെ ഭാഗമായി നൽകുന്ന തയ്യൽ മെഷീനുകളുടെ വിതരണവും ചടങ്ങിൽ നടക്കും. തുടർന്ന് നന്ദനാ മനോജ് അവതരിപ്പിക്കുന്ന കഥാപ്രസംഗം നടക്കും.
നാലിന് വൈകിട്ട് 4 മണിക്ക് മാതൃസമിതിയുടെ നേതൃത്വത്തിൽ നേരംപോക്ക് ആൽത്തറ പരിസരത്ത് നിന്നും കലവറ നിറക്കൽ ഘോഷയാത്ര. രാത്രി 7.30 ന് കൊടിയേറ്റം. തുടർന്ന് ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി. അശോകൻ പ്രതിഭകളെ ആദരിക്കും.സമാപനദിനമായ 11ന് രാവിലെ 7ന് യാത്രാഹോമം, 8ന് ആറാട്ട്, തുടർന്ന് ആറാട്ട് എഴുന്നള്ളത്ത്, കൊടിയിറക്കൽ, കലശാഭിഷേകം, ഉച്ചക്ക് ഒന്നിന് സമൂഹസദ്യ. എല്ലാദിവസവും രാത്രി 8 മുതൽ അന്നപ്രസാദവിതരണം.

യുവജന സംഘടനകളുടെ യൂത്ത് ഫെസ്റ്റ്
ഇരിട്ടി: ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നാളെ വൈകീട്ട് നാലിന് മത വർഗ്ഗീയതയ്‌ക്കെതിരെ ഇരിട്ടിയിൽ യൂത്ത് ഫെസ്റ്റ് നടക്കും. സിനിമാ സംവിധായകൻ ആഷിക് അബു, നടി റീമ കല്ലിങ്കൽ തുടങ്ങിയ കലാ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. പേരാവൂർ നിയോജക മണ്ഡലത്തിലെ 21 ലോക്കലുകളിൽ നിന്നായി പതിനായിരത്തോളം യുവതീ യുവാക്കൾ പങ്കെടുക്കും. തുടർന്ന് കലാഭവൻ മണിയുടെ രൂപ ശബ്ദ സാദൃശ്യമുള്ള കൃഷ്ണകുമാർ ആലുവയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും വിവിധ കലാപരിപാടികളും അരങ്ങേറും.


പയ്യന്നൂർ കോളേജിൽ പുതിയ പ്രിൻസിപ്പൽ ചുമതലയേറ്റു

പയ്യന്നൂർ: പയ്യന്നൂർ കോളേജ് പ്രിൻസിപ്പാളായി ഗണിത ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. പി.സി ശ്രീനിവാസ് ചുമതലയേറ്റു. കണ്ണൂർ സർവകലാശാലയിൽ ഗണിത ശാസ്ത്രത്തിൽ റിസർച്ച് ഗൈഡ്, പി.ജി. ഗണിത ശാസ്ത്ര ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ, ഒന്നും മൂന്നും സെമസ്റ്റർ എം.എസ്.സി ഗണിത ശാസ്ത്ര പരീക്ഷ ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.

കണ്ണൻ നായർ അനുസ്മരണം

പയ്യന്നൂർ: സ്വാതന്ത്ര്യ സമര സേനാനിയും ദേശാഭിമാനി മുൻ ജനറൽ മാനേജരുമായിരുന്ന പി. കണ്ണൻ നായരെ മാവിച്ചേരി പി. കണ്ണൻ നായർ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. മുണ്ടത്താൻ രാജൻ അദ്ധ്യക്ഷത വഹിച്ചു. എം. ആനന്ദൻ പ്രഭാഷണം നടത്തി. കെ. ശിവകുമാർ വായനാ വീടുകൾ ഉദ്ഘാടനം ചെയ്തു. മത്സര വിജയികളായ കെ.വി അജിത, വി.പി ആനന്ദ് എന്നിവരെ അനുമോദിച്ചു. ഉഷാ ദാമോദരൻ, അച്ചുതൻ പുത്തലത്ത്, സി. രമേശൻ എന്നിവർ സംസാരിച്ചു.

വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു

തളിപ്പറമ്പ്: ഹരിഹർനഗറിലെ കല്ലമ്മാരുകുന്നേൽ ക്ലാരമ്മ ജോസഫിന്(68) ഇന്നലെ ഉച്ചയോടെ സൂര്യാഘാതമേറ്റു. ഉച്ചയ്ക്ക് മുറ്റത്തേക്കിറങ്ങിയ ശേഷം വീട്ടിനകത്ത് കയറിയപ്പോൾ വലതുകൈമുട്ടിന് മുകളിൽ കടുത്ത വേദനയും നീറ്റലും അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് ചുവന്നുതുടുത്ത പാട് കണ്ടത്. ഉടൻ സമീപത്തുള്ള ഡോക്ടറുടെ ചികിത്സ തേടി.


റെയിൽവേ സ്റ്റേഷനിൽ ചുമർചിത്രം
മാഹി: കണ്ണൂർ റെയിൽവേ സ്റ്റേഷൻ ചുമരുകളിൽ ചുമർചിത്രങ്ങൾ നിറയുന്നു. തെയ്യങ്ങളുടേയും സർക്കസിന്റേയും കളരിപ്പയറ്റിന്റേയും നാടൻ കലകളുടേയും അടക്കമുള്ള സാംസ്‌കാരിക പൈതൃകങ്ങൾ വിളംബരം ചെയ്യുന്നതാണ് ചുമർചിത്രങ്ങൾ. പ്രധാന കവാടം, പുതിയ കെട്ടിട സമുച്ഛയം മുതൽ ടിക്കറ്റ് കൗണ്ടറുകൾ വരെ വരകളുണ്ട്. റെയിൽവെ സ്റ്റേഷനെ സൗന്ദര്യവത്കരിക്കാനുള്ള പദ്ധതി പ്രകാരം ബൈജൂസ് ആപ്പുമായി സഹകരിച്ചാണ് മാഹി മലയാള കലാഗ്രാമം മ്യൂറൽ പെയിന്റിംഗ് വിഭാഗം മേധാവി പി. നിബിൻ രാജിന്റെ മേൽനോട്ടത്തിൽ വരക്കുന്നത്.

ബി.എൽ.ഒമാർക്കെതിരെ

കളക്ടർക്ക് പരാതി

പയ്യന്നൂർ: കരിവെള്ളൂർ, കാങ്കോൽ-ആലപ്പടമ്പ്, എരമം-കുറ്റൂർ പഞ്ചായത്തുകളിലെ ചില ബി.എൽ.ഒമാർ രാഷ്ട്രീയ പക്ഷപാതിത്വം കാട്ടുന്നെന്ന് ആരോപിച്ച് യു.ഡി.എഫ് പയ്യന്നൂർ നിയോജക മണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകി. മരിച്ചവരുടെയും ബൂത്തുകളിൽ സ്ഥിരതാമസമില്ലാത്തവരുടെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ തയ്യാറാകാത്തത് ചൂണ്ടിക്കാട്ടിയാണ് പരാതി. ബി.എൽ.ഒമാർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിൽക്കുകയാണെന്നും യു.ഡി.എഫ് ആരോപിച്ചു. പോസ്റ്ററുകളും ബോർഡുകളും സി.പി.എം നശിപ്പിക്കുന്നതായും പരാതിയുണ്ട്.

മാരിയമ്മൻ കോവിൽ ഉത്സവം കൊടിയേറി

തലശ്ശേരി: പിലാക്കൂൽ മാരിയമ്മൻ കോവിൽ കരക മഹോത്സവത്തിന് തുടക്കം. ഇന്നലെ വൈകിട്ട് പി.എ രത്നവേൽ കൊടിയേറ്റി. തുടർന്ന് നഗരത്തിലൂടെ കരകം എഴുന്നള്ളത്തും നടന്നു. ഇന്ന് രാവിലെ ഏഴിന് കരകപൂജ നടക്കും. തുടർന്ന് വൈകിട്ട് സാംസ്‌കാരിക സമ്മേളനം പ്രൊഫ. ശംസുദ്ദീൻ പാലക്കോട് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാനേമള. നാളെ വൈകിട്ട് ആറ് മണിക്ക് സുമംഗലീ പൂജ നടക്കും. ആറാം തീയ്യതി വൈകിട്ട് കൊടിയിറക്കും.

സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ്

കൂത്തുപറമ്പ്: തൊക്കിലങ്ങാടി യംഗ് മെൻസ് ക്രിക്കറ്റ് ക്ലബിന്റെ സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് 7ന് തൊക്കിലങ്ങാടിയിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂത്തുപറമ്പ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ക്യാമ്പ് റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഇരുപത്തി അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ 75 ഓളം കുട്ടികളാണ് പങ്കെടുക്കുക. കേരള രഞ്ജി ട്രോഫി കോച്ച് ഉൾപ്പെടെയുള്ളവർ പരിശീലനം നൽകും. വാർത്താ സമ്മേളനത്തിൽ ക്ലബ് ഭാരവാഹികളായ രാജീവൻ മാറോളി, പി. ദീപക് കുമാർ, സി.കെ ജബ്ബാർ, പി.എം ജയാനന്ദ് എന്നിവർ പങ്കെടുത്തു.