തളിപ്പറമ്പ: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ആരെ സഹായിക്കാനാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ചോദിച്ചു. ബി.ജെ.പിക്കെതിരായ മതനിരപേക്ഷ ശക്തികളുടെ ഐക്യം അട്ടിമറിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് തളിപ്പറമ്പ് നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലി തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി ഇനി അധികാരത്തിൽ വന്നാൽ ഒരു തിരഞ്ഞെടുപ്പോ ഭരണഘടനയോ ഉണ്ടാവില്ല. ഇന്ത്യയുടെ ജനാധിപത്യം പോലും അട്ടിമറിക്കപ്പെടും. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സ്വാധീനിക്കാവുന്ന ഒരു മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലേറ്റുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. ഇതിനായി ഓരോ സംസ്ഥാനത്തും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കപ്പെടണം. അതിനു സാധിച്ചാൽ ബി.ജെ.പിയെ പരാജയപ്പെടുത്താനാകുമെന്നും എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. ബി.ജെ.പിക്കെതിരായ ഐക്യത്തിന് തടസം നിൽക്കുന്നത് കോൺഗ്രസാണ്. എല്ലാ കക്ഷികളും ഒരുമിച്ച് നിന്നിരുന്നെങ്കിൽ ബി.ജെ.പിയെ അമ്പേ പരാജയപ്പെടുത്താനാകുമായിരുന്നു. മതനിരപേക്ഷ നിലപാട് സ്വീകരിച്ച് ബി.ജെ.പിയെ നേരിടാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് ആരെ എതിർക്കാനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എ.ആർ.സി നായർ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, പി. മുകുന്ദൻ, പുല്ലായ്‌ക്കൊടി ചന്ദ്രൻ, പി.കെ ശ്യാമള തുടങ്ങിയവർ സംസാരിച്ചു.